പാലക്കാട്: ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ ആലത്തൂർ എം പി രമ്യ ഹരിദാസിനെയും എം എൽ എ മാരായ വി.ടി ബൽറാമിനെയും ചോദ്യം ചെയ്ത ഡെലിവറി ബോയ്സിനെ ആക്രമിച്ചതായി പരാതി.
എം പി രമ്യ ഹരിദാസ്, മുൻ എം എൽ എ വി ടി ബൽറാം, യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയ നേതാക്കൾക്കെതിരെയാണ് പരാതി.കോവിഡ് പ്രോട്ടോകോൾ പ്രകാരം ഡൈനിങ്ങ് അനുവദനീയമല്ലാത്ത ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചത് ചോദ്യം ചെയ്ത ഡെലിവറി ബോയ്സിനെയാണ് നേതാക്കൾ കയ്യേറ്റം ചെയ്തത്.
പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലിൽ ഇവർ ഇരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നേതാക്കൾക്കെതിരെ വിമർശനങ്ങൾ ശക്തമായിട്ടുണ്ട്. ഓൺലൈൻ ഫുഡ് സർവ്വീസ് നടത്തുന്ന ഡെലിവറി ബോയിസ് ആണ് ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടത്. വീഡിയോ എടുത്തയാളോട് യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിൻ്റെ ദ്യശ്യങ്ങൾ പ്രചരിച്ചതിനു പിറകെയാണ് പരാതിയുമായി യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്.