KeralaNews

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനില്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനില്ലെന്ന സന്ദേശം സര്‍ക്കാര്‍ നല്‍കിയെങ്കിലും എത്രകണ്ട് ഫലപ്രദമാകുമെന്ന് കണ്ട് തന്നെ അറിയണം. പുതിയ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭ 17 മുതല്‍ ചേരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരായ സര്‍ക്കാര്‍ വിമര്‍ശനങ്ങളോട് ഗവര്‍ണറുടെ നിലപാട് ഇതോടെ തെളിയും. പുതുവര്‍ഷത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഇതില്‍ പതിവ് പോലെ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുണ്ടാകും.

മന്ത്രിസഭ അംഗീകരിച്ച് നല്‍കുന്ന ഈ പ്രസംഗത്തെ പുതിയ ഗവര്‍ണര്‍ ഏത് തലത്തില്‍ എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. നയപ്രഖ്യാപന സമയത്ത് ആര്‍ലേക്കറിന്റെ ലക്ഷ്യം തെളിയുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആര്‍ലേക്കറെയും ഭാര്യ അനഘ ആര്‍ലേക്കറെയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചത് ഊഷ്മളമായാണ്. മന്ത്രിമാരായ കെ. രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി. ശിവന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്റണി രാജു എം.എല്‍.എ., എം.പി.മാരായ ശശി തരൂര്‍, എ.എ. റഹീം, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവര്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യാത്ര അയയ്ക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയിരുന്നില്ല. ഗവര്‍ണറുമായുള്ള പ്രശ്നത്തിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ പുതിയ ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാരില്ല. ആരിഫ് മുഹമ്മദ് ഖാനെ എല്ലാ അര്‍ത്ഥത്തിലും അവഗണിക്കുകയായിരുന്നു തിരിച്ചു പോക്ക് സമയത്ത്. ഇത് മനപ്പൂര്‍വ്വമാണെന്ന സന്ദേശമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്.

ടാറ്റ കാണിക്കാന്‍ പേട്ടയില്‍ കുറച്ച് എസ് എഫ് ഐക്കാര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മടക്ക യാത്ര സമയത്ത് എത്തിയിരുന്നു. ഇവരേയും പോലീസ് ടാറ്റ കാണിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. അങ്ങനെ അതൃപ്തി വ്യക്തമാക്കിയ മുഖ്യമന്ത്രിയും കൂട്ടരും പുതിയ ഗവര്‍ണറെ നേരിട്ട് സ്വീകരിക്കാന്‍ എത്തി. പ്രോട്ടോകോള്‍ പ്രകാരമാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതായാലും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയും കൂട്ടരും നല്‍കുന്നത്.

17 മുതല്‍ നിയമസഭാസമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറുടെ നയപ്രഖ്യാപനത്തോടെയാവും തുടക്കും. സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിനാണ്. മാര്‍ച്ച് 31 വരെ 27 ദിവസം സഭ ചേരും. ഇത്തവണ മാര്‍ച്ച് 31-ന് മുന്‍പുതന്നെ പൂര്‍ണ ബജറ്റ് പാസാക്കും. മാര്‍ച്ചിനുമുന്‍പ് നാലുമാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് പതിവ്.

ഇതില്‍ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാട് സര്‍ക്കാര്‍ പരിശോധിക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ നിയമസഭയില്‍ ഗവര്‍ണര്‍ വായിക്കുമോ എന്നത് നിര്‍ണ്ണായകമാകും. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നയപ്രഖ്യാപനം അതേ പോലെ ഗവര്‍ണര്‍ വായിച്ചില്ലെങ്കില്‍ അത് പുതിയ തലത്തില്‍ ചര്‍ച്ചകളുണ്ടാകും. ഇതോടെ സിപിഎം വിമര്‍ശനങ്ങളും തുടങ്ങും. സര്‍ക്കാരും പ്രതികരിക്കും.

രണ്ട് ഇടവേളകളോടെ മൂന്നുഘട്ടമായി സമ്മേളനം നടത്താനാണ് മന്ത്രിസഭയുടെ ശുപാര്‍ശ. ജനുവരി 17 മുതല്‍ 23 വരെ ചേര്‍ന്നാല്‍ ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഏഴുവരെ സമ്മേളനമില്ല. ഫെബ്രുവരി ഏഴുമുതല്‍ 13 വരെയാണ് അടുത്തഘട്ടം. പിന്നീട് മാര്‍ച്ച് മൂന്നുമുതല്‍ 31 വരെ സമ്മേളിച്ച് ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് ബജറ്റ് പാസാക്കുന്ന തരത്തിലാണ് നിയമസഭയുടെ നടപടി ക്രമങ്ങള്‍. അതായത് ഗവര്‍ണറുടെ സര്‍ക്കാരിനോടുള്ള നിലപാട് ജനുവരി 17ന് വ്യക്തമാകും. അതുവരെയാണ് ആര്‍ലേക്കറിനുള്ള ‘മധുവിധുവെന്ന’ സന്ദേശമാണ് പിണറായിയും കൂട്ടരും നല്‍കുന്നത്. അതോടെ സര്‍ക്കാരിനോടുള്ള ഗവര്‍ണറുടെ നിലപാട് തെളിയും. അനുകൂലമല്ലെങ്കില്‍ പിന്നെ വിമര്‍ശനങ്ങളുടെ കെട്ടു തന്നെ ഗവര്‍ണര്‍ക്കെതിരെ അഴിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker