
തിരുവനന്തപുരം തിയേറ്ററിലെത്തിയതിനുപിന്നാലെ വിവാദങ്ങൾക്ക് തീപിടിച്ച ‘എമ്പുരാൻ’ കാണില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനിൽക്കെ ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖർ ഫെയിസ്ബുക്കിലൂടെയാണ് എമ്പുരാൻ താൻ കാണാത്തതിൻ്റെ കാരണമടക്കം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.
ചിത്രത്തിലെ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ പുതിയ പോസ്റ്റ്. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായെന്നും പോസ്റ്റിൽ പറയുന്നു. ലൂസിഫർ തനിക്കിഷ്ടമായെന്നും ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണെന്നും കുറിപ്പിൽ പറയുന്നു.
രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം;
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? – അതെ.