കാസർകോട്∙ ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മൂന്നു ദിവസമായി കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണു നടപടി.
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമായ മഴയും (119.5 എംഎം), മറ്റ് താലൂക്കുകളിൽ ശക്തമായ മഴയും ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്നും അറിയിച്ചു.
ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക് പരിധിയിൽ 04.07.2022 തീയതി മുതൽ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും, ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ നാളെ (08.07.2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.