കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേയ്ക്ക് ചികിത്സയ്‌ക്കായി മക്കളോടൊപ്പം എത്തിയ സ്ത്രീ, ട്രെയിൻ എത്തിച്ചേരുന്ന പ്ലാറ്റ് ഫോമിലെത്താൻ വിഷമിക്കുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫാത്തിമ സുമീറയുടെ ശ്രദ്ധയിൽ പെട്ടത്.
ആരോഗ്യസ്ഥിതി മോശമായിരുന്ന സ്ത്രീയ്‌ക്ക് ആശുപത്രിയിലേയ്ക്കുള്ള യാത്ര അനിവാര്യമായിരുന്നു. ഒരടിപോലും നടക്കാൻ കഴിയാത്ത മാതാവിനെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മക്കൾ പരിഭ്രമിച്ചു നിൽക്കുമ്പോൾ അപ്പുറത്ത് തിരുവനന്തപുരത്തേയ്ക്കുള്ള വേണാട് എക്സ്പ്രസ്സ് കോട്ടയം സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നുണ്ടായായിരുന്നു.
മറ്റൊന്നും ആലോചിക്കാതെ ഫാത്തിമ സുമീറ ആ സ്ത്രീയെ എടുത്ത് ഉയർത്തി, ഒപ്പം മക്കളുടെ സഹായം കൂടിയായപ്പോൾ വേണാട് എക്സ്പ്രസ്സിന്റെ അംഗപരിമിതരുടെ കോച്ചുകളിൽ സുരക്ഷിതമായി എത്തിക്കാൻ അവർക്ക് സാധിച്ചു. ഫാത്തിമ സുമീറയുടെ അവസരോചിത ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് ട്രെയിൻ ലഭിക്കുന്നതിനും അതുവഴി എമർജൻസി ട്രീറ്റ്മെന്റ് നും അവർക്ക് അവസരം ഒരുങ്ങിയത്.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് സർവീസ് നടത്തുന്ന അവസാന അൺറിസർവ്ഡ് സർവീസാണ് വേണാട് എക്സ്പ്രസ്സ്. രാത്രി 08.10 ന് എത്തിച്ചേരുന്ന വന്ദേഭാരതിൽ മുൻകൂട്ടി റിസർവേഷൻ ചെയ്തവർക്ക് മാത്രം യാത്ര ചെയ്യാനുള്ള സൗകര്യമുള്ളു. മാത്രമല്ല സാധാരണക്കാരന് അപ്രാപ്യമാണ് വന്ദേഭാരതിലെ നിരക്കുകൾ.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടത്തിനോട് ചേർന്നുള്ള ഓവർ ബ്രിഡ്ജിന്റെ പണികൾ പുരോഗമിക്കുന്നതേയുള്ളൂ. പൂർണ്ണമായും ലിഫ്റ്റ്/ യന്ത്രഗോവേണി സൗകര്യമുള്ളത് വടക്കേയറ്റത്തുള്ള ഓവർ ബ്രിഡ്ജിൽ മാത്രമാണ് . പ്രായമായവരും അംഗ പരിമിതരും സ്റ്റേഷനിലെ അസൗകര്യങ്ങളിൽ മാസങ്ങളായി വീർപ്പുമുട്ടുകയാണ്. രോഗികളെയും അംഗപരിമതരെയും കൊണ്ട് വീൽ ചെയറുകളിൽ എല്ലാ പ്ലാറ്റ് ഫോമിലും എത്താൻ നിലവിൽ അത്ര എളുപ്പമല്ല.
വനിതാ കോൺസ്റ്റബിൾ നടത്തിയ കാരുണ്യപ്രവർത്തി വിലമതിക്കാനാവാത്തതും വാക്കുകൾക്ക് അതീതവുമാണെന്നും തസ്തികയിലെ മറ്റ് ജീവനക്കാർക്ക് മാതൃകയുമാണെന്ന് സ്റ്റേഷൻ മാനേജർ അഭിപ്രായപ്പെട്ടു.