KeralaNews

‘താലിയില്ലാ കല്ല്യാണം’! ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ല; ഭരണഘടനയുടെ ആമുഖം വായിച്ച് റൈജിനും അഖിലയും ജീവിതത്തില്‍ ഒന്നായി

കരുനാഗപ്പള്ളി: ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ല, ഭരണഘടനയുടെ ആമുഖം വായിച്ച് റൈജിനും അഖിലയും ജീവിതത്തില്‍ ഒന്നായി. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണമാണ് മാതൃകയായ താലിയില്ലാ കല്ല്യാണത്തിന് സാക്ഷ്യം വഹിച്ചത്. വിവാഹ ആഡംബരത്തിനും ധൂര്‍ത്തിനുമെതിരായി താലൂക്ക് ലൈബ്രറി കൗണ്‍സിലാണ് താലിയില്ലാ കല്യാണം സംഘടിപ്പിച്ചത്. ശനിയാഴ്ച നടന്ന ചടങ്ങില്‍ ഗ്രന്ഥശാല പ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ റൈജിനും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയായ അഖിലയും തമ്മിലുള്ള വിവാഹമാണ് മാതൃകയായത്.

കരുനാഗപ്പള്ളി കല്ലേലിഭാഗം അയണിവിളയില്‍ ഇകെ സുനുവിന്റെയും ടി.ഉഷയുടെയും മകനാണ് റൈജിന്‍. കോട്ടയം കല്ലറ സൗത്ത് നെടിയകാലയില്‍ വിജയന്റെയും സോമിനിയുടെയും മകളാണ് അഖില. ആഡംബരങ്ങളും ആചാരങ്ങളുമില്ലാതെ വിവാഹം കഴിക്കണമെന്ന റൈജിന്റെയും അഖിലയുടെയും ആഗ്രഹം ഇരുവരുടെയും വീട്ടുകാര്‍ക്കും സമ്മതമായിരുന്നു.

കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ അങ്കണത്തിലൊരുക്കിയ ചെറിയ വേദിയില്‍ വൈകീട്ട് അഞ്ചുമണിയോടെ കരുനാഗപ്പള്ളി സബ് രജിസ്ട്രാര്‍ കെ.ബി.ഹരീഷ് എത്തി. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ റൈജിനും അഖിലയും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ബി.ശിവന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. വധൂവരന്‍മാര്‍ക്കൊപ്പം സദസ്സും അതേറ്റുവായിച്ചു. തുടര്‍ന്ന് ഇരുവരും കൈപിടിച്ച് ജീവിതത്തിലേക്കുകടന്നു.

ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍, എം.എല്‍.എ.മാരായ സി.ആര്‍.മഹേഷ്, ഡോ. സുജിത്ത് വിജയന്‍പിള്ള, നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സന്തോഷ് മാനവം, കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker