തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനുമായ എ.എ.റഹീം.
കോൺഗ്രസ് ഭരണകാലത്ത് വനിതാ പ്രവർത്തകരുടെ വീടുകളിൽ ഉൾപ്പെടെ കയറി ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റഹിം ചൂണ്ടിക്കാട്ടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉപ്പെടെ വിമർശിച്ച റഹിം, കേരളത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടാകുമോയെന്ന് ചാണ്ടി ഉമ്മൻ പിതാവിന്റെ ഫോട്ടോയ്ക്കു മുന്നിൽ നിന്ന് ചോദിക്കുന്നത് നല്ലതാണെന്നും പരിഹസിച്ചു.
‘‘ചാണ്ടി ഉമ്മൻ ഒരു ചാനലിൽ പ്രതികരിക്കുമ്പോൾ, ഇങ്ങനെയൊക്കെ ഒരു സംഭവമുണ്ടാകുമോ എന്നു ചോദിക്കുന്നതു കേട്ടു. വീട്ടിൽ പിതാവിന്റെ ഫോട്ടോ വച്ചിട്ടുണ്ടെങ്കിൽ ഫോട്ടോയുടെ മുന്നിൽ നിന്ന് ചോദിക്കുന്നത് നല്ലതാ. ഇങ്ങനെയൊക്കെ സംഭവമുണ്ടാകുമോ, ഇത് ഭീകരവാഴ്ചയാണ് എന്നൊക്കെ. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വീടുകളിൽ കയറി വനിതകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാതിരാത്രി വീട് ചവിട്ടിത്തുറന്നിട്ടുണ്ട്. ഞങ്ങളുടെ എല്ലാവരുടേയും വീടുകളിൽ പൊലീസ് കയറിയിട്ടുണ്ട്.
‘‘അന്നത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ സഖാവ് പി.കെ. ബിജുവിനെ കയ്യാമം വച്ചാണ് കൊണ്ടുപോയത്. വീട്ടിൽ കയറി അറസ്റ്റ് ചെയ്ത എത്ര സംഭവങ്ങളാണ് കോൺഗ്രസ് നേതാക്കൾക്കറിയേണ്ടത്? വേറൊരാൾ അൽപം മുൻപ് ഞെട്ടിത്തരിക്കുന്നതു കണ്ടു. ആരാ? ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഞെട്ടിത്തരിക്കാൻ പറ്റിയ ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. എത്ര വനിതകളെയാണ് കോൺഗ്രസ് കാലത്ത് ആക്രമിച്ചത്. എത്ര പേരുടെ വീടുകളില്‍ പൊലീസ് കയറിയതിന്റെ കണക്കുവേണം?
‘‘രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വീട്ടിൽ കയറി അറസ്റ്റ് എന്തിനായിരുന്നു? എന്തായിരുന്നു തിരുവനന്തപുരത്ത് നടന്ന സംഭവങ്ങൾ. ഈ തലസ്ഥാന നഗരത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു കലാപം നടന്നിട്ടുണ്ടോ? എന്തിനായിരുന്നു എന്നൊരു ക്ലോസ് വേണ്ടേ? എന്നിട്ട് വ്യാപകമായി നാശനഷ്ടങ്ങൾ ഉണ്ടാക്കി.
സമരത്തിന്റെ ഭാഗമായി പൊലീസ് ആരെയെങ്കിലും തല്ലിയോ? മണിക്കൂറുകളോളം എന്തെല്ലാം ചെയ്തു? പിങ്ക് പൊലീസിന്റെ വാഹനമടക്കം അടിച്ചു തകർത്ത് പ്രതികളെ മോചിപ്പിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ അറസ്റ്റ് ചെയ്തവരെ മോചിപ്പിച്ച സംഭവങ്ങൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?
‘‘ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പൊലീസ് അവരുടെ നടപടികൾ സ്വീകരിക്കും. പിന്നെ ഇദ്ദേഹത്തെ സംബന്ധിച്ച് ഇത് എന്തിനാണ് അറസ്റ്റ് എന്ന് പറയാൻ പറ്റില്ലല്ലോ. കോൺഗ്രസിന്റെ നേതാക്കൾ രാഹുലിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് വ്യാജരേഖാ കേസിൽ കോൺഗ്രസിന്റെ അഭിപ്രായം എന്തെന്ന് നേതാക്കൾ പറഞ്ഞുകേട്ടാൽ കൊള്ളം’’– എ.എ.റഹീം പറഞ്ഞു.