പാലക്കാട്: പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളില്‍ പത്ത് വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ച റഹ്‌മാന്‍ പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കുന്നു. ഒറ്റമുറി ജീവിതത്തില്‍നിന്ന് പുറത്തുവന്ന് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് വിവാഹിതരാകുന്നത്.
അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ചു നിരവധി പേർ രംഗത്തെത്തിയിരുന്നു.
2021 മാര്‍ച്ചില്‍ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി. റഹ്‌മാനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരന്‍ നെന്മാറയില്‍വെച്ച് കാണുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് 10 വര്‍ഷത്തെ ഒളിവു ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥ പുറംലോകമറിഞ്ഞത്./
പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴി നല്‍കിയതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം (പു. ക. സ.) കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യ സംഘം നല്‍കും. ബുധനാഴ്ച രാവിലെ 10 മണിക്കാണ് രജിസ്ട്രാര്‍ മുമ്പാകെ ഇരുവരും വിവാഹിതരാകുന്നത്.