പ്രിഗോഷിന്‍റെ മരണകാരണമായ പൊട്ടിത്തെറിയുടെ ഉറവിടം വിമാനത്തിലുണ്ടായിരുന്ന ഗ്രനേഡെന്ന് പുടിന്‍
മോസ്കോ: വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മരണത്തിന് കാരണമായ വിമാന അപകടത്തിന് പിന്നില്‍ വിമാനത്തിലെ ഹാന്‍ഡ് ഗ്രെനേഡുകള്‍ പൊട്ടിയത് മൂലമെന്ന വാദവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമില്‍ പുടിന്‍. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന ആരുടെയോ കയ്യിലുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിയാവാം വിമാനം തകര്‍ന്നതെന്നാണ് പുടിന്‍ വ്യാഴാഴ്ച്യ വിശദമാക്കിയത്.
അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹത്തില് നിന്ന് ഗ്രനേഡുകളുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന വാദത്തോടെയാണ് പുടിന്റെ അവകാശവാദമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോസ്കോയില്‍ നടന്ന യോഗത്തിനിടെയാണ് പുടിന്‍ ഇക്കാര്യം വിശദമാക്കിയത്. പുറത്ത് നിന്നുള്ള പ്രഭാവത്തിലല്ല വിമാനം തകര്‍ന്നതെന്നും വിമാനത്തിനുള്ളിലുണ്ടായ അപകടമാണ് വാഗ്നർ സേനാ തലവൻറെ മരണത്തിന് ഇടയാക്കിയതെന്നുമാണ് പുടിന്റെ പുതിയ വാദം.
ഗ്രനേഡുകള്‍ എങ്ങനെ പൊട്ടിത്തെറിച്ചുവെന്നതിനേക്കുറിച്ചുള്ളതിന് പുടിന്‍ സ്ഥിരീകരണമൊന്നും നല്‍കുന്നില്ല. എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ മയക്കുമരുന്ന്, മദ്യപാനം എന്നിവയുടെ സാന്നിധ്യമുണ്ടോയെന്ന പരിശോധനകള്‍ നടത്തണമെന്നാണ് പുടിന്‍ നിര്‍ദ്ദേശിക്കുന്നത്. നേരത്തെ സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെ വാഗ്നറുടെ ഓഫീസില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുടിന്റെ വാദങ്ങള്‍.
നേരത്തെ വിമാന അപകടത്തിന് പിന്നില്‍ പുടിന്റെ കരങ്ങളാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരീക്ഷിച്ചിരുന്നു. ജര്‍മന്‍ വിദേശകാര്യ മന്ത്രി അടക്കം ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഓഗസ്റ്റിലുണ്ടായ വിമാന അപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെടുന്നത്.
റഷ്യന്‍ സര്‍ക്കാരിനെതിരെ പട നയിച്ചതിന് രണ്ട് മാസത്തിന് പിന്നാലെയായിരുന്നു ഈ അപകടം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത വാഗ്‌നര്‍ കൂലിപ്പടയുടെ തലവനായിരുന്ന പ്രിഗോഷിന്‍ പുടിനെതിരെ തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.