പുതുപ്പള്ളിയില്‍ 72.91 ശതമാനം പോളിങ്; പരാതിയുമായി UDF, അന്വേഷിക്കുമെന്ന് കളക്ടർ
കോട്ടയം: ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നില്‍കിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. ബൂത്തുകളില്‍ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പോളിങ് ശതമാനത്തില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. ഒമ്പതിനാണ് വോട്ടെണ്ണല്‍.
2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്. ഉപതിരഞ്ഞെടുപ്പിലും രാവിലെ മുതല്‍ മികച്ച പോളിങ് ദൃശ്യമായിരുന്നു. മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും വോട്ട് ചെയ്യാന്‍ ആളുകള്‍ ബൂത്തുകളിലേക്ക് കൂട്ടമായി എത്തിയിരുന്നു.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണക്ക് കൂട്ടലുകളിലേക്ക് കടന്നിട്ടുണ്ട് മുന്നണികള്‍. ബൂത്ത് ഏജന്റുമാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും മുന്നണികളുടെ വിലയിരുത്തലുകള്‍.
ചില ബൂത്തുകളില്‍ വോട്ടിങ് നടപടികള്‍ വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
നിയമസഭയിലെ ബലാബലത്തില്‍ എന്തെങ്കിലും മാറ്റംവരുത്തുന്നതല്ല പുതുപ്പള്ളി ഫലമെങ്കിലും അതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും നിര്‍ണായകമാണ്. ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ നിറയുന്ന തിരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന് വെറും ജയമല്ല യു.ഡി.എഫിന്റെ നോട്ടം. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് ലക്ഷ്യം.
പോയ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് പോരാട്ടം വിജയതീരത്തേക്ക് എത്തിക്കാനാണ്. കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി സമാഹരിച്ചാല്‍ വിജയം ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
എന്‍.ഡി.എ. സമീപകാലത്ത് സ്വന്തമാക്കിയ ഏറ്റവുംവലിയ വോട്ടുശേഖരം പി.സി. തോമസിലൂടെയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന് 20,911 വോട്ട് നേടാനായി. ലിജിന്‍ലാലാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. മികച്ചപ്രവര്‍ത്തനം നടത്തിയ ആം ആദ്മി പാര്‍ട്ടി എത്ര വോട്ട് നേടുമെന്നതും പ്രധാനം. ലൂക്ക് തോമസാണ് സ്ഥാനാര്‍ഥി.
ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. സഭകളും സമുദായനേതൃത്വങ്ങളും സ്വീകരിക്കുന്ന നിലപാടും മണ്ഡലത്തിലെ വികസനവും സംസ്ഥാന, കേന്ദ്ര ഭരണങ്ങളുടെ വിലയിരുത്തലുമെല്ലാം സ്വാധീനം ചെലുത്താനിടയുള്ള ഘടകങ്ങളാണ്. കോട്ടയം അടക്കമുള്ള ജില്ലകളില്‍ തുടരുന്ന മഴ പുതുപ്പള്ളിയിലെ വോട്ടെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നുണ്ട്.