KeralaNews

അയർക്കുന്നത്തറിയാം ജനവിധി, എട്ടേകാലോടെ പുതുപ്പള്ളിയിലെ ആദ്യ സൂചന

കോട്ടയം: അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുമുഖം ആരെന്ന് ഇന്ന് രാവിലെയോടെ അറിയാം. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും.

പുതുപ്പള്ളി ജനത തങ്ങളുടെ നിയമസഭാ പ്രതിനിധിയായി ആരെയാണ് തിരഞ്ഞെടുത്തത് എന്നറിയാൻ ഇനി നിമിഷങ്ങളെണ്ണി കാത്തിരിക്കാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.

ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.

ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യു ഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്.

ലീഡ് 2000 ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ കിട്ടിത്തുടങ്ങും.

എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ  പ്രതീക്ഷയിലാണ് യു ഡി എഫ്.  മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലുണ്ട് മുന്നണിക്ക്. എന്നാൽ ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ.

പുതുപ്പള്ളി ഇത്തവണ  മാറി ചിന്തിക്കുമെന്ന് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നു. അതേസമയം പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബിജെപി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button