CrimeKeralaNews

‘ജനവികാരം മാത്രം കണക്കിലെടുക്കാനാവില്ല’, ജാമ്യത്തിനുള്ള കാരണങ്ങള്‍ വിശദമാക്കി ഹൈക്കോടതി

കൊച്ചി:അന്വേഷണം പൂർത്തിയായി എന്നതും 90 ദിവസത്തിലധികമായി ജയിലിൽ കിടക്കുന്ന പ്രതികൾ 22–24 വയസ്സുള്ള വിദ്യാർഥികളും മുൻപു കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവരുമാണെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിയാക്കപ്പെട്ട 19 വിദ്യാര്‍ഥികൾക്ക് ജാമ്യം അനുവദിച്ചത്. അതിനൊപ്പം, സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത്, ജാമ്യം ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സിദ്ധാർഥന്റെ മരണത്തിൽ പ്രതികള്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി. അതേസമയം, ആത്മഹത്യാ പ്രേരണാ കുറ്റം വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഐപിസി 306 അനുസരിച്ച് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ നല്‍കാനാവുമെന്നും ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി.

പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും നിയമത്തിൽനിന്ന് ഒളിച്ചോടുമെന്നും തുടങ്ങി സിബിഐ ഉന്നയിക്കുന്ന വാദങ്ങൾക്ക്, കർശനമായ ജാമ്യ ഉപാധികൾ ചുമത്തുമെന്നും കോടതി വ്യക്തമാക്കി. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട് പോലുള്ള അവ്യക്തമായ വാദങ്ങൾ ജാമ്യം നിഷേധിക്കാനുള്ള കാരണമല്ല എന്നും മറ്റ് വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികൾ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്, കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിടരുത്, പാസ്പോർ‍ട്ട് സമര്‍പ്പിക്കണം, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളും ജാമ്യത്തിനായി കോടതി നിർ‍ദേശിച്ചിട്ടുണ്ട്. 

അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ച ശേഷവും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെങ്കിൽ അതിശക്തമായ കേസ് ഉണ്ടാകണം. ജനവികാരത്തിന് അനുസരിച്ച്, ജാമ്യം ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ സാധിക്കില്ല. തൂങ്ങിയപ്പോഴുണ്ടായ മുറിവുകളല്ലാതെ മറ്റ് മാരകമായ മുറിവുകൾ‍ സിദ്ധാർഥന്റെ ശരീരത്തിലില്ല എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

പ്രോസിക്യൂഷൻ ആരോപിക്കുന്നതു പോലെ, പ്രതികൾ ക്രൂരമായി മർദിച്ചിരുന്നെങ്കിൽ മാരകമായ മുറിവുകൾ സിദ്ധാർഥന്റെ ശരീരത്തിലുണ്ടാകുമായിരുന്നുവെന്നും പ്രതിഭാഗം പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം മുഖവിലയ്ക്കെടുത്താൽ പോലും, പ്രതികൾ നടത്തിയത് ആത്മഹത്യാ പ്രേരണയല്ലെന്നുമുള്ള പ്രതിഭാഗം വാദവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. 

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ കുറ്റം ഐപിസി 306 അനുസരിച്ചുള്ള ആത്മഹത്യാ പ്രേരണയാണ്. എന്നാൽ ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ‍ മനഃപൂർവമുള്ള പ്രകോപനവും പ്രേരണയും ഉണ്ടായാൽ മാത്രമേ പ്രേരണാക്കുറ്റം നിലനില്‍ക്കൂ. ഓരോ മനുഷ്യനും ആത്മഹത്യ ചെയ്യുന്നതിന്റെ പാറ്റേണ്‍ വ്യത്യസ്തമാണ്.

ഓരോരുത്തർക്കും അവരുടേതായ സ്വാഭിമാനമുണ്ട്. അത്തരം കാര്യങ്ങളിൽ‍ പൊതുവായ തീർപ്പിലെത്തുക അസാധ്യമാണ്. അതുകൊണ്ട് ഓരോ കേസും പ്രത്യേകമായി പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 മുതലുണ്ടായ സംഭവവികാസങ്ങളെല്ലാം വിവരിച്ച ശേഷമാണ് പ്രതികൾ‍ക്കെതിരെയുള്ള ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അടിസ്ഥാനമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയത്. 

കേസിൽ‌ അന്തിമ റിപ്പോര്‍ട്ട് സമർപ്പിച്ചെങ്കിലും കേസിൽ പ്രതികളെ സഹായിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നുണ്ടെന്ന് സിബിഐക്കു വേണ്ടി ഹാജരായ ഡോ. കെ.പി.സതീശനും സിദ്ധാർഥന്റെ മാതാവിനു വേണ്ടി ഹാജരായ എസ്. സതീഷ് കുമാറും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നല്‍കരുത്. മാത്രമല്ല, സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇത് പ്രതികൾക്ക് അവസരം നൽകും. കോളജിലെ സഹപാഠികൾ തന്നെയാണ് സാക്ഷികളിൽ ഭൂരിഭാഗവുമെന്നും ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്കൽ പൊലീസിന്റെ അന്വേഷണം ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും സജിത് കുമാ‍ർ പറഞ്ഞു. അന്വേഷണത്തിന്റെ അവസാന നിമിഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്. അവ‍ർ തിടുക്കത്തില്‍ റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രതികൾക്ക് ഈ കുറ്റകൃത്യത്തിലുള്ള പങ്കിന് എല്ലാ തെളിവുമുണ്ടെന്നും വാദിഭാഗം വാദിച്ചു.

അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തുന്നുണ്ട് എന്നിരിക്കെ, ഈ അന്വേഷണം തീരുന്നതു വരെ ജാമ്യം ലഭിക്കാതിരിക്കുക എന്നത് പ്രതികളുടെ ജാമ്യം ലഭിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന പ്രതിഭാഗത്തിന്റെ വാദം പക്ഷേ, സുപ്രീം കോടതിയുടെ വിവിധ വിധികൾ ഉദ്ധരിച്ച് കോടതി തള്ളിക്കളഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker