ഹൈദരാബാദ്: ഇസ്രോയുടെ സുപ്രധാന ദൗത്യങ്ങളിൽ ഒന്നായ സ്‌പേഡെക്‌സ് വിക്ഷേപണം വിജയകരം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 10 മണിയോടെയാണ് പിഎസ്എൽവി സി60 സ്‌പേഡെക്‌സ് ദൗത്യവുമായി കുതിച്ചുപൊങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്‌ഡിഎക്‌സ്. 01), ടാര്‍ഗറ്റ് (എസ്‌ഡിഎക്‌സ്. 02) ഉപഗ്രഹങ്ങളാണ് ഇതിലുണ്ടായിരുന്നത്.
വിക്ഷേപണത്തിന് പതിനഞ്ച് മിനിട്ടിന് ശേഷം ഇരു ഉപഗ്രഹങ്ങളും വിജയകരമായി ബഹിരാകാശത്ത് വിന്യസിക്കാൻ ദൗത്യത്തിലൂടെ സാധിച്ചു. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുള്ളത്. ഇതുവരെയുള്ള ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ പ്രതീക്ഷിച്ചത് പോലെ തന്നെ നടന്നിരുന്നു.
നേരത്തെ ഭൂമിക്ക് മുകളിലുള്ള അതേ ഭ്രമണപഥത്തിലെ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വിക്ഷേപണം രണ്ട് മിനിറ്റ് വൈകിയിരുന്നു. ടാർഗറ്റ്, ചെസർ എന്നിവയ്ക്ക് പുറമേ വിക്ഷേപണ വാഹനത്തിൽ 24 പരീക്ഷണ ഉപഗ്രഹങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ ഇസ്രോ ചെയർമാൻ സോംനാഥ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
രണ്ട് ബഹിരാകാശ പേടകങ്ങളും അടുത്ത 10 ദിവസത്തിനുള്ളിൽ അതായത് ജനുവരി 7നുള്ളിൽ ബഹിരാകാശ ഡോക്കിംഗ് കൈവരിക്കാനായി ഇസ്രോ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാം വിജയകരമായി നടന്നാൽ ഇന്ത്യൻ ബഹിരാകാശ രംഗത്തിന് ചാർത്തി കിട്ടുന്ന മറ്റൊരു പൊൻതൂവലായി ഈ നേട്ടവും മാറുമെന്ന് ഉറപ്പാണ്.
ഭാവിയിലെ ചാന്ദ്ര പര്യവേഷണങ്ങളും ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷൻ (ബിഎഎസ്) ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്കുള്ള നിർണായക ശേഷിയായ, നൂതനമായ ഇൻ-സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ പ്രദർശിപ്പിക്കാനാണ് ദൗത്യത്തിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത്. രണ്ട് ബഹിരാകാശ പേടകങ്ങളായ ചേസർ, ടാർഗറ്റ് എന്നിവയ്ക്കിടയിൽ ചെറിയ ആപേക്ഷിക വേഗതയിൽ താഴ്ന്ന ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിന്യസിക്കാനായി സജ്ജീകരിച്ചിരിക്കുന്നു.
ബഹിരാകാശത്തെ ഇലക്‌ട്രോണിന്റെയും പ്രോട്ടോൺ വികിരണത്തിന്റെയും അളവ് അളക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇമേജിംഗ് സിസ്‌റ്റവും ഒരു റേഡിയേഷൻ മോണിറ്ററിംഗ് ഉപകരണവും ഉൾപ്പെടെ വിപുലമായ പേലോഡുകൾ ഓരോ ഉപഗ്രഹത്തിലും സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ വിവരങ്ങൾ അത്യന്താപേക്ഷിതമാണ്.
കൂടാതെ ഡോക്കിംഗിൽ ഇന്ത്യയുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണ് ദൗത്യം. ഇതിന്റെ വിജയകരമായ പൂർത്തീകരണം, ബഹിരാകാശത്ത് സങ്കീർണ്ണമായ പ്രവർത്തനങ്ങൾ നടത്താനുള്ള ഇസ്രോയുടെ കഴിവ് വർദ്ധിപ്പിക്കുകയും ഭാവിയിലെ അന്തർഗ്രഹ ദൗത്യങ്ങൾക്ക് അടിത്തറ പാകുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.