പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എസ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ച് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. കോണ്‍ഗ്രസ് വിട്ടെത്തിയ കെ.പി.സി.സി. മുന്‍ സെക്രട്ടറി കൂടിയായ പി.എസ്. പ്രശാന്തിനെ ദേവസ്വം പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജില്ലാ കമ്മിറ്റി നിര്‍ദേശമായി വെച്ചത്. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റായ പ്രശാന്തിന്, കോണ്‍ഗ്രസ് വിട്ടെത്തിയപ്പോള്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആനാവൂര്‍ നാഗപ്പന്‍ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലെ ധാരണപ്രകാരമായിരുന്നു ഇത്.
രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന കെ. അനന്തഗോപന്‍ അടുത്ത മാസം സ്ഥാനമൊഴിയും. അദ്ദേഹത്തെ തുടര്‍ന്നും സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയില്ല. ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എം. രാജഗോപാലന്‍നായരെ പരിഗണിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു. മുന്‍ എം.പി. എ. സമ്പത്തും ദേവസ്വം പ്രസിഡന്റിനായി പരിഗണിക്കുന്നവരിലുണ്ടായിരുന്നു.
ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളില്‍ സാധ്യത കൂടുതല്‍ പി.എസ്. പ്രശാന്തിനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ പരാജയപ്പെട്ട ജി.ആര്‍. അനിലിനോട് പി.എസ്. പ്രശാന്ത് തന്റെ തോല്‍വിക്ക് കാരണം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ പ്രശാന്ത് സി.പി.എമ്മില്‍ ചേരുന്നത്.