അമേരിക്കയിൽ ടെസ്‌ല ഷോറൂമുകൾക്ക് മുന്നിൽ പ്രതിഷേധം;’മസ്‌കിനെ വെറുക്കുന്നവർ അണിചേരണമെന്ന് ആഹ്വാനം

വാഷിങ്ടണ്‍: യു.എസില്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ അദ്ദേഹത്തിന്റെ ഉപദേശകനും ഡോജ് മേധാവിയുമായ ഇലോണ്‍ മസ്‌ക് നടപ്പാക്കുന്ന കൂട്ടപിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളില്‍ വ്യപക പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ അമേരിക്കയിലുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. യു.എസിന് പുറമെ, യൂറോപ്പിലെ ഏതാനും നഗരങ്ങളിലും ടെസ്‌ല ഷോറൂമുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തിലെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മസ്‌കിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം 340 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടെസ്‌ല എന്ന ഇലക്ട്രിക് വാഹന കമ്പനിയാണ്. ഇത് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ ടെസ്‌ലയുടെ ഡീലര്‍ഷിപ്പുകള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കുമെന്നാണ് വിവരം. യു.എസ്. ഫെഡറല്‍ മേഖലയിലെ ചെലവുകള്‍ ചുരുക്കുന്നതിനായി ആരംഭിച്ച ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേധാവിയാണ് ഇലോണ്‍ മസ്‌ക്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ ഏജന്‍സികള്‍ അടച്ചുപൂട്ടുകയും നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. സമീപകാലത്തായി മസ്‌കിന്റെ ടെസ്‌ല കാറുകളുടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിഷേധം വില്‍പ്പനയില്‍ വീണ്ടും ഇടിവുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാര്‍ വിലയിരുത്തുന്നത്. 277 ഷോറൂമുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രതിഷേധക്കാര്‍ ഷോറൂമുകളിലേക്ക് സംഘടിച്ചെത്തിയത്. ന്യൂജേഴ്‌സി, മസാച്യൂസെറ്റ്‌സ്, കണക്ടിക്കട്ട്, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, മിനസോട്ട, ടെക്‌സാസ് എന്നിവിടങ്ങളിലെ ഷോറൂമുകളിലേക്കാണ് നൂറകണക്കിനാളുകള്‍ പ്രതിഷേധപ്രകടനമായി എത്തിയത്. കോടീശ്വരനായ മുതലാളിക്കെതിരേയുള്ള പോരാട്ടമെന്നും മസ്‌കിനെ എതിര്‍ക്കുന്നവര്‍ അണിചേരുകയെന്നുമുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ ഷോറൂമുകള്‍ ഉപരോധിച്ചത്.
മസ്‌കിനെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ട്രംപ് അനുകൂലികളായ ഒരുകൂട്ടം ആളുകളും തെരുവിലിറങ്ങിയിരുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടമാണ് നമ്മളെ ഭരിക്കുന്നത്. ഇത് തടയാനായില്ലെങ്കില്‍ നമുക്ക് നമ്മുടെ രാജ്യവും ഈ നാടിന്റെ നന്മയും പൂര്‍ണമായും നഷ്ടപ്പെടുമെന്ന് പ്രതിഷേധക്കാരിലെ റിട്ടയേഡ് സ്‌കൂള്‍ അധ്യാപകനായ ഡെന്നീസ് ഫാഗലി പറഞ്ഞു. അമേരിക്കയിലെ പ്രതിഷേധത്തിന് പുറമെ, വിവിധ രാജ്യങ്ങളിലെ 230-ഓളം പ്രദേശങ്ങളിലും മസ്‌കിനെതിരേ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.