കൊച്ചി : മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന (എം.സി.ഒ.എസ്.എ.)യുടെ ഓഫിസ് ഒഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടിയില്‍ കടുത്ത പ്രതിഷേധം. കാമ്പസിനുള്ളിലെ സംഘനയ്ക്ക് അനുവദിച്ചിരുന്ന ഓഫീസ് കോളേജ് അധികൃതര്‍ പൂട്ടിട്ടു.
എം.സി.ഒ.എസ്.എലെ അംഗങ്ങളായ മുന്‍മന്ത്രി തോമസ് ഐസക്ക്, ജസ്റ്റിസ് കെ. സുകുമാരന്‍ എന്നിവര്‍ അടക്കമുള്ളവര്‍ കോളേജ് അധികൃതരുമായി അനുരജ്ഞനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം. സംഘടനയുടെ ഓഫിസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.
കോളേജിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി പൂര്‍വ വിദ്യാര്‍ഥികള്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ അവഗണിക്കുന്ന സമീപനം മഹാരാജാസിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും കോട്ടംതട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. കോളേജിന്റെ ആസ്തിയില്‍ നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിലുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.
ഒരു നൂറ്റാണ്ടോളം പാരമ്പര്യമുള്ള പൂര്‍വ്വവിദ്യാര്‍ഥി സംഘടനയാണ് എം.സി.ഒ.എസ്.എ. 1971-ല്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തു. നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ സംഘടനയിലെ അംഗങ്ങളാണ്.