ധാക്ക: മുഖ്യ ഉപദേഷ്ടാവായി നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് അധികാരമേറ്റിട്ടും ശാന്തമാകാതെ ബംഗ്ലാദേശ്. ചീഫ് ജസ്റ്റിന്‍റെ രാജിക്കായുള്ള പ്രക്ഷോഭമാണ് ഏറ്റവും പുതിയ സംഭവം. ചീഫ് ജസ്റ്റിന്‍റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി വളഞ്ഞടക്കം വിദ്യാർഥി പ്രക്ഷോഭം അതിശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതിയിൽ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജി പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യം വിട്ടോടേണ്ടിവന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് ഉബൈദുൾ ഹസൻ. യുനുസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ്, സമ്പൂർണ കോടതി യോഗം വിളിച്ചതാണ് സുപ്രീം കോടതിയിലേക്ക് പ്രക്ഷോഭം പടരാൻ കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടർന്നത്. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
അതിനിടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നതെന്നാണ് വിവരം. ബി എസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ബി എസ് എഫ് ഈസ്റ്റേൺ കമാൻഡ് എ ഡി ജിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബംഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചിരുന്നു.