27.9 C
Kottayam
Saturday, April 27, 2024

തെളിവ് ഹാജരാക്കാന്‍ സമയം തേടി പ്രോസിക്യൂഷന്‍; ദിലീപിന്റെ അറസ്റ്റ് വിലക്ക് നീട്ടി

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

അതിന്റെ പരിശോധനാഫലം മുഴുവനായി ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.

നേരത്തെ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അഭിഭാഷകന്റെ പക്കലുണ്ടെന്നും ഇത് കൈമാറില്ലെന്നുമാണ് ദിലീപ് അന്വേഷണസംഘത്തെ അറിയിച്ചത്. ഫോണുകള്‍ കേസുമായി ബന്ധമുള്ളതല്ലെന്നും ഹാജരാക്കാനാവില്ലെന്നുമാണ് അറിയിച്ചത്. ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണ്‍ ആണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറയുന്നു. ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം ലഭിക്കും.

ഈ ഫലം താന്‍ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയതാണ്. വീണ്ടും ഫോണ്‍ ആവശ്യപ്പെടാന്‍ നിയമപരമായി അധികാരമില്ല. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ല. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് ആരോപിക്കുന്നു.

ഡിസംബര്‍ 9 ന് കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിന്നാലെയാണ് ദിലീപിന്റെ രണ്ട് ഫോണ്‍ അടക്കം 5 ഫോണുകള്‍ പ്രതികള്‍ ഒരുമിച്ച് മാറ്റുന്നത്. പഴയ സിം കാര്‍ഡുകള്‍ ഇട്ട പുതിയ ഫോണിലായിരുന്നു പിന്നീട് പ്രതികളെല്ലാം ഉപയോഗിച്ചത്. ദിലീപിന്റെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്.

എന്നാല്‍ കേസ് എടുത്തതിന് പിറകെ പ്രതികളെല്ലാവരും ഒരുമിച്ച് ഫോണ്‍ മാറ്റിയത് ഗൂഡാലോചനയിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികളുടെ പേഴ്‌സണല്‍ ഫോണ്‍ ലഭിച്ചിരുന്നെങ്കില്‍ വാട്‌സ് ആപ് ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനാകും. നടി കേസിലെ സാക്ഷികളെ സ്വാധീനിച്ചതും, ഗൂഡാലോചനയിലെ നിര്‍ണ്ണായക തെളിവുകളും ഈ ഫോണുകളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week