ചേര്‍ത്തല: കൊവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഏഴു ദിവസം കഴിഞ്ഞ ആളില്‍ നിന്ന് ഈടാക്കിയത് 2,31,504 രൂപ!. എസ്.എന്‍.ഡി.പി. യോഗം ചേര്‍ത്തല യൂണിയന്‍ സെക്രട്ടറി വി.എന്‍. ബാബുവില്‍ നിന്നാണ് ഭീമമായ തുക ഈടാക്കിയത്.
കഴിഞ്ഞ 30 നാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. സാധാരണ നടത്താറുള്ള പരിശോധനയ്ക്കായാണ് എത്തിയത്. ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസ്റ്റിറ്റീവാണെന്നു കണ്ടെത്തിയതോടെ അഡ്മിറ്റായി.
തുടര്‍ന്നു സി.ടി. സ്‌കാന്‍ എടുത്തതിന്റെ പേരില്‍ 4800 രൂപ വാങ്ങി. ബില്ലില്‍ ഇതിന്റെ പേരില്‍ 16,230 രൂപയും പി.പി.ഇ. കിറ്റിന് 9600 രൂപയും ഉപയോഗിക്കാത്ത ഓക്സിജന് 31,500 രൂപയും ഈടാക്കി. ശരാശരി സൗകര്യമുള്ള ശീതീകരിക്കാത്ത മുറിയാണ് ഉപയോഗിച്ചത്. വാടകയിനത്തില്‍ 59,500 രൂപ വാങ്ങി.
ചികിത്സയ്ക്ക് അമിതമായി പണം ഈടാക്കിയ ആശുപത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നും അധികമായി വാങ്ങിയ തുക തിരികെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആലപ്പുഴ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.