കൊച്ചി :ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു . സീരിയലുകളെ ആകെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ആരുടെയും അന്നം മുടക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞു. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും പ്രേംകുമാർ വ്യക്തമാക്കി.
ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മരാകമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ടെലിവിഷൻ സീരിയലുകൾ ഏറ്റവും കൂടുതൽ എത്തുന്നത് കുടുംബ സദസ്സുകളിലേക്കാണ് . ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണമെന്നാണ് പ്രേംകുമാർ വ്യക്തമാക്കിയിരുന്നത്.
താരത്തിന്റെ വാക്കുകളോട് പ്രതികരിച്ച് ആത്മ രംഗത്ത് വന്നിരുന്നു. ഒരിക്കൽ സീരിയലുകൾ പ്രേംകുമാറിന്റെ ജീവതോപാധി ആയിരുന്നുവെന്ന് ഓർമ്മിച്ച് കൊണ്ടാണ് ആത്മ രംഗത്ത് വന്നത്. എന്തെങ്കിലും കുറവ് സീരിയൽ രംഗത്ത് ഉണ്ടെങ്കിൽ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇരിക്കുന്നത്. ക്രിയാത്മകമായി പ്രതികരിക്കാതെ വെറും കയ്യടിയ്ക്ക് വേണ്ടി ഇത്തരം പ്രതികരണങ്ങൾ നടത്തുന്ന താങ്ങളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. തങ്ങളുടെ അന്നംമുടക്കുന്ന പ്രവണതകണ്ടാൽ നിശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കൾ കഴിഞ്ഞ നാല് വർഷത്തിനിടെ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചിട്ടില്ല. കുടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദ ഉപാധിയാണ് സീരിയൽ. അതുപോല നിരവധി പേരുടെ ജീവനോപാധി കൂടിയാണ്. താങ്ങളുടെ പരാമർശം ഈ ഉപജീവന മാർഗത്തിന് മുകളിൽ എൻഡോസൾഫാൻ വിതറുന്നത് ആണെന്നും ആത്മ കത്തിൽ ചൂണ്ടിക്കാട്ടുന്നു.