ആരെയും പറ്റിച്ചിട്ടില്ല’, എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കും; പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി:സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചനാകുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും പ്രവീണ്‍ റാണ പറഞ്ഞു. ബിസിനസ് മാത്രമാണ് താന്‍ ചെയ്തത്. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പിടിയിലായതിന് പിന്നാലെ പ്രവീണ്‍ റാണ പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ റാണയിലേക്കെത്തിച്ചത്. കഴിഞ്ഞ ഏഴിന് കൊച്ചിയിൽ നിന്ന് വെട്ടിച്ച് കടന്നതിന് പിന്നാലെ റാണയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു.
നിക്ഷേപകർക്കിടയിൽ ആഡംബരത്തിന്‍റെ അവസാന വാക്കായിരുന്നു പ്രവീൺ റാണ. കേസുകൾ മുറുകുന്നു എന്ന് വ്യക്തമായതോടെ റാണ ആദ്യം കടന്നത് കൊച്ചിയിലേക്കാണ്. ഇവിടെ സുഹൃത്തിന്‍റെ ഫ്ലാറ്റിൽ കഴിയവേ പൊലീസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടോടി. നേരെ അങ്കമാലിയിലെത്തി സുഹൃത്തുക്കളോട് സഹായം തേടി. ആരും തിരിഞ്ഞ് നോക്കിയില്ല. തുടർന്ന് ബന്ധുവായ പ്രതീഷിനെയും സഹായി നവാസിനെയും വിളിച്ച് വരുത്തി. മൂന്ന് അനുചരന്മാർക്കൊപ്പം എത്തിയ ഇവരുടെ കൂടെ പ്രതീഷിന്‍റെ കാറിൽ റാണ കോയമ്പത്തൂർക്ക് പോയി.
കയ്യിൽ പണമൊന്നും ഇല്ലാതിരുന്നതിനാൽ വിവാഹ മോതിരം 75000 രൂപയ്ക്ക് കോയമ്പത്തുരിൽ വിറ്റു. കാറിൽ ഡീസലടിച്ച് കൊച്ചിയിലെ അഭിഭാഷകനായ സുഹൃത്ത് ഏർപ്പാടാക്കിയ പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിയിടത്തിലേക്ക് എത്തി. ഇവിടെ അതിഥി തൊഴിലാളിയ്ക്കൊപ്പം ഷെഡ്ഡിലായിരുന്നു താമസം. നവാസ് കാവൽ നിന്നപ്പോൾ ബാക്കിയുള്ളവർ നാട്ടിലേക്ക് തിരികെപ്പോയി. മറ്റാരും സംശയിക്കാതിരിക്കാൻ റാണ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലേക്ക് മാറി.
ഇതിനിടെ അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചത് അന്വേഷണത്തിൽ നിർണായമായി. ബന്ധുക്കളുടെ ഫോണുകളെല്ലാം നിരീക്ഷണത്തിലായിരുന്നതിനാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പൊള്ളാച്ചി ദേവരാപുരത്തെത്തി. പൊലീസിനെ കണ്ട നവാസ് സിഗ്നൽ നൽകിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച റാണയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. നേരെ തൃശ്ശൂരിലേക്ക് കൊണ്ടുവന്ന റാണയ്ക്ക് പൊലീസാണ് ഉടുത്ത് മാറാൻ വസ്ത്രങ്ങൾ വാങ്ങി നൽകിയത്. കയ്യിൽ പണമില്ലെന്ന് റാണ പറയുമ്പോൾ തട്ടിച്ചെടുത്ത 150 കോടി രൂപ എവിടെയെന്നാണ് പൊലീസ് തേടുന്നത്.