KeralaNews

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകൾ ഉടൻ സീൽ ചെയ്യും: തുടര്‍ നിര്‍ദ്ദേശം കാത്ത് കേരള പൊലീസ്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഇവയുടെ ഓഫീസുകൾ ഉടൻ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. 

നിരോധനം നിലവിൽ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തുടര്‍ നടപടികൾക്കായി സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടനിറങ്ങും. എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും ഇതിനോടകം  ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാവും തുടർന്നുളള നീക്കങ്ങൾ.

യുഎപിഎ നിയമത്തിൽ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാൻ ട്രൈബ്യൂണൽ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതായിട്ടുണ്ട്. ട്രൈബ്യൂണൽ തീരുമാനത്തിനു വിധേയമായിട്ടാകും വിജ്ഞാപനത്തിൻറെ അന്തിമ നിലനില്പ്. 

പി.എഫ്.ഐക്ക് ഇസ്ലാമിക് സ്റ്റേറ്റ്റ്റ്സ് അടക്കമുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് നിരോധനത്തിന് ആധാരമായി കേന്ദ്രആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. യുപി, കർണാടക ഗുജറാത്ത് സർക്കാരുകൾ നിരോധനത്തിന് ശുപാർശ ചെയ്തു. നിരവധി ഭീകര പ്രവർത്തനങ്ങളിലും കൊലപാതകങ്ങളും  സംഘടന നടത്തി
കേരളത്തിലെ സഞ്ജിത്ത് (2021 ), അഭിമന്യു (2018 ), ബിപിൻ ( 2017 ) കൊലപാതകങ്ങളും ആഭ്യന്തര മന്ത്രാലയം നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button