KeralaNews

പുറത്ത് വന്ന CCTV ദൃശ്യം പ്രതിയുടേതല്ലെന്ന് പോലീസ്; ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാർഥി

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്‌. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു.

‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.

സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker