നീലച്ചിത്ര നിർമാണത്തിൽ പങ്കില്ലെന്ന് ശിൽപ ഷെട്ടി; ചോദ്യം ചെയ്തത് 6 മണിക്കൂർ
മുംബൈ:നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് നടി ശിൽപ ഷെട്ടിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തത് ആറുമണിക്കൂർ. ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിൽപയെ ജുഹുവിലെ വീട്ടിൽ വച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണത്തിൽ പങ്കില്ലെന്നും ഭർത്താവ് തെറ്റ് ചെയ്തെന്ന് കരുതുന്നില്ലെന്നുമാണ് ശിൽപ പൊലീസിനോട് പറഞ്ഞത്.
വിവാദമായ ഹോട്ട് ഷോട്ട്സ് എന്ന ആപ്പിലെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് കാര്യമായ അറിവില്ലെന്ന് ശിൽപ വിശദീകരിച്ചു.ആപ്പിൽ നിന്ന് തനിക്ക് വരുമാനമൊന്നും ലഭിച്ചിട്ടില്ല. ആപ്പിൽ പ്രചരിപ്പിച്ചിരുന്ന വീഡിയോകളുടെ
നിർമാണത്തിൽ താൻ പങ്കാളിയല്ല. കുന്ദ്രയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും ശിൽപ പറയുന്നു.ശിൽപയുടെ ലാപ്‍ടോപ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാജ് കുന്ദ്ര തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നാണ് ശിൽപ പൊലീസിനോട് വിശദീകരിച്ചത്. ആപ്പിലെ വീഡിയോകൾ ലൈംഗിക ചോദനയുണ്ടാക്കുന്നതാവാം.എന്നാൽ നീലച്ചിത്രങ്ങളല്ല നിർമിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും ശിൽപ പറഞ്ഞതായാണ് സൂചന. വീട്ടിൽ വിശദമായ റെയ്ഡ് നടത്തിയ പൊലീസ് ശിൽപയുടെ ബാങ്ക് രേഖകളും പണമിടപാടുകളും പരിശോധിച്ച് വരികയാണ്
ശിൽപ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് രാജ് കുന്ദ്രയും പൊലീസിന് മൊഴിയായി നൽകിയിട്ടുള്ളത്. കൂടുതൽ ചോദ്യം ചെയ്യലിനായി കുന്ദ്രയെ , കോടതി ഈ മാസം 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.തെളിവുകൾ ശേഖരിക്കുന്നതിന് കുന്ദ്രയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുന്ദ്രയ്ക്ക് പങ്കാളിത്തമുള്ള മറ്റ് സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്.ബോളിവുഡിലെയടക്കം അടുത്ത സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.