KeralaNews

താമരശ്ശേരി ചുരത്തില്‍ നാളെ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ മുന്‍കരുതല്‍ നടപടി. താമരശ്ശേരി ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ല.

ചുരത്തിലെ കടകൾ നാളെ വൈകിട്ട് 7 മണിക്ക് അടയ്ക്കാനും താമരശ്ശേരി പൊലീസ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തില്‍നിന്നിറങ്ങി ചുരത്തില്‍നിന്നും ഫോട്ടോ എടുക്കാനും അനുവദിക്കില്ല. അതേസമയം, ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്ല.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാനും വാഹനതിരക്ക് നിയന്ത്രിക്കാനും നാളെ വൈകിട്ട് മുതല്‍ ചുരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെനും ഹൈവേ പട്രൊളിങ് ശക്തമാക്കുമെന്നും താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button