Featuredhome bannerHome-bannerKeralaNews

സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ’; എഡിജിപി

കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമർശനത്തിനിടെ വിശദീകരണവുമായി എഡിജിപി എംആർ അജിത് കുമാർ. പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാൾ അക്രമാസക്തനായിരുന്നില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. 

കൊട്ടാരക്കരയിൽ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ച സംഭവം തികച്ചു ദൗർഭാഗ്യകരമാണ്. തന്നെ ആക്രമിക്കുന്നുവെന്ന് ഇയാൾ തന്നെയാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ഇതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിക്കേറ്റ നിലയിലായിരുന്നുവെന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും എഡിജിപി എംആർ അജിത് കുമാർ അറിയിച്ചു. അക്രമാസക്തനായ ഒരാളെ വിലങ്ങ് അണിയിക്കാതെ പൊലീസ് ആശുപത്രിയിലെത്തിച്ചതാണ് ഡോക്ടറുടെ മരണമടക്കമുള്ള ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വിശദീകരണം. 

പൊലീസ് എമർജൻസി നമ്പറിലേക്ക് വിളിച്ചത് പ്രതി സന്ദീപാണ് തന്നെയാണ്.  രാത്രി ഒരുമണിയോടെയാണ് കൊല്ലാൻ വരുന്നുവെന്ന് പറഞ്ഞ് ഇയാൾ കൺട്രോൾ റൂമിലേക്ക് വിളിച്ചത്. തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല.  പിന്നീട് മൂന്ന് മണിക്ക് വീണ്ടും വിളി വന്നു. സ്ഥലത്തെത്തിയപ്പോൾ ഇയാൾ പരിക്കേറ്റ നിലയിലായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ബന്ധുവിനെ ഒപ്പം ചേർത്ത് ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തിച്ചു. ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തമായിരുന്നില്ല. ക്യാഷ്വാലിറ്റിയിൽ പരിശോധിച്ച ഡോക്ടർ എക്സറേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഈ സമയത്താണ് പ്രതി അക്രമാസക്തമായത്. ബന്ധുവിനെയാണ് ആദ്യം ആക്രമിച്ചത്. അതിന് ശേഷം പൊലീസുകാരെ ആക്രമിച്ചു. രണ്ട് പൊലീസുകാർ ആക്രമിക്കപ്പെട്ടു. ഇതിന് ശേഷമാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്.

പരാതിക്കാരൻ എന്ന നിലയിലാണ് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. നാട്ടുകാരെയും ബന്ധുവിനെയും ഒപ്പം കൂട്ടിയിരുന്നു. അധ്യാപകനായ ഇയാൾ  മദ്യപാനിയാണെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരമെന്നും പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button