ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ കഴുത്തിനും ചെവിക്കുമിടയില്‍ ഫോണ്‍ ഇറുക്കി വെച്ചും വാഹനമോടിക്കുന്നത് നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ്. പോലീസിന്റെ കണ്ണില്‍പെടുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും നല്‍കാറുണ്ട്. എന്നാല്‍, ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്വന്തം ജീവനും വാഹനവുമായി നിരത്തുകളില്‍ ഇറങ്ങുന്ന മറ്റുള്ളവര്‍ക്കും ആപത്താണെന്നാണ് പോലീസ് അറിയിക്കുന്നത്.
ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് മാത്രമല്ല, ഫോണില്‍ മെസേജ് അയയ്ക്കുന്നതും ഫോണിലെ ക്യാമറയില്‍ ചിത്രീകരണം നടത്തുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇത്തരക്കാര്‍ക്ക് പിഴ നല്‍കുന്നതിനൊപ്പം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ ഡ്രൈവിങ്ങിലെ ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണം തുടരുകയാണ് പോലീസ്.
വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനായി പിന്‍സീറ്റിലോ ഡാഷ്‌ബോര്‍ഡിലോ പോലെ പെട്ടെന്ന് കൈയെത്താത്ത് സ്ഥലങ്ങളില്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് പോലീസിന്റെ ഉപദേശം. അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കുന്നതിനോ മെസേജ് അയയ്ക്കുന്നതിനോ വാഹനം സുരക്ഷിതമായി നിര്‍ത്തിയശേഷം മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് പോലീസ് നല്‍കുന്ന മറ്റൊരു നിര്‍ദേശം.
എത്ര ചെറിയ മെസേജ് ആണെങ്കില്‍ എത്ര ദൈര്‍ഘ്യം കുറഞ്ഞ കോള്‍ ആണെങ്കിലും ഡ്രൈവ് ചെയ്ത് കൊണ്ടുള്ളത് ഒഴിവാക്കുന്നതാണ് ഉത്തമം. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുക, മെസ്സേജ് അയക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളായാണ് പരിഗണിക്കുന്നത്. സ്വന്തം സുരക്ഷയ്ക്ക് പുറമെ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ഇത്തരം പ്രവണത ഉപേക്ഷിക്കണമെന്നാണ് പോലീസ് നിര്‍ദേശം.