ആലപ്പുഴ: കഴിഞ്ഞവര്‍ഷം പോലീസ് രജിസ്റ്റര്‍ചെയ്തത് 4,594 പോക്‌സോ കേസ്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍-602. കുറവ് കാസര്‍കോട്ടും- 155. 2023-ല്‍ 4,641 പോക്‌സോ കേസാണ് രജിസ്റ്റര്‍ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 47 കേസിന്റെ കുറവ് ഉണ്ട്. എന്നാല്‍, കേസ് കുറഞ്ഞത് കുട്ടികള്‍ക്കെതിരായ അതിക്രമം കുറയുന്നതായി കരുതാനാകില്ലെന്ന് ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥരും അഭിഭാഷകരും വ്യക്തമാക്കുന്നു. സ്വകാര്യ സ്‌കൂളുകളില്‍ പലയിടത്തും കൗണ്‍സലര്‍മാരില്ല. അതുകൊണ്ട് തന്നെ അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യാം.
അതേസമയം ആണ്‍കുട്ടികള്‍ക്കെതിരായ അതിക്രമവും കൂടി വരികയാണ്. രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ലൈംഗികതാത്പര്യത്തോടെയുള്ള പെരുമാറ്റം കൂടുന്നതായി ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പല പോക്‌സോ കേസുകളിലും ഒന്നില്‍ക്കൂടുതല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുണ്ട്.
കമ്മിഷന്റെ കണക്കുപ്രകാരം 2022-ല്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസുകളില്‍ ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം 13 ശതമാനമായിരുന്നു. 2023-ല്‍ 14 ശതമാനമായി. ആണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാധാരണ കേസുകളില്‍ കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്വം പ്രോസിക്യൂഷനാണ്. എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കുറ്റം ചെയ്തിട്ടില്ലെന്നു തെളിയിക്കേണ്ട ചുമതല പ്രതികള്‍ക്കുതന്നെയാണ്. നിയമനടപടി കര്‍ശനമാക്കിയാല്‍ ഭാവിയില്‍ അതിക്രമങ്ങള്‍ ഇനിയും കുറയും.