തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ സഞ്ജുവിന്‌റെ പിതാവ് സാംസൺ വിശ്വനാഥ്. കെ.സി.എ.യിലെ ചില വ്യക്തികൾക്ക് തന്റെ മകനോട് അനിഷ്ടമുണ്ട്. സഞ്ജുവിനെ വിജയ് ഹസാരെയിൽ കളിപ്പിക്കില്ലെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുൻപേ അറിയാമായിരുന്നു. ക്യാമ്പിൽ പങ്കെടുക്കാത്ത മറ്റ് താരങ്ങൾ വിജയ് ഹസാരെയിൽ കളിച്ചു. സഞ്ജുവിനെ കളിപ്പിച്ചില്ല. ദയവ് ചെയ്ത് തന്റെ മകനെ കളിക്കാൻ അനുവദിക്കണമെന്നും സാംസൺ വിശ്വനാഥ് പറഞ്ഞു.
“കെ.സി.എ.യ്ക്ക് എന്തോ ഒരു വിഷമം എന്റെ കുട്ടിയോടുണ്ട്. ഞങ്ങൾ ഇതുവരെ കെ.സി.എയ്‌ക്കെതിരേ പറഞ്ഞിട്ടില്ല. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പിൽ പോകാതെ ഇരുന്നത്. എന്നാൽ, ക്യാമ്പിൽ പങ്കെടുക്കാത്തവർ അന്ന് കളിച്ചു. അവരുടെ പേരുകൾ ഞാൻ പറയുന്നില്ല. സഞ്ജു വിജയ് ഹസാരെ കളിക്കില്ലെന്ന് നേരത്തെ തീരുമാനമായിരുന്നു. ആത് ആര് തീരുമാനമാക്കിയെന്നും എനിക്കറിയാം.
അത് ജയേഷ് ജോർജിനോ വിനോദിനോ അല്ല ഇതിനിടയിലുള്ള ചില ചെറിയ ആളുകളുണ്ട്. കാണുന്നിടത്തൊക്കെ പോയി ഇവരെ സല്യൂട്ട് അടിക്കണം. ചിലപ്പോൾ എവിടെയെങ്കിലും ഒരു നമസ്‌തേ പറയുന്നതിൽ ചെറിയ പിഴവുണ്ടായാൽ അവർ അത് വിഷമാക്കി മാറ്റും. മനുഷ്യനാണ്, ചിലപ്പോൾ കോച്ച് നിൽക്കുന്നിടത്ത് ചിലപ്പോൾ അദ്ദേഹത്തെ കാണാതെപോയെന്ന് വരും”, സാംസൺ വിശ്വനാഥ് പറഞ്ഞു.
മക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കെ.സി.എ. വിളിക്കുന്നിടത്ത് വന്ന് പരിഹാരം ചെയ്യാമെന്ന് സാംസൺ പറഞ്ഞു.
“കെസിഎയോട് ഞാൻ അഭ്യർഥിക്കുകയാണ്. എന്തെങ്കിലും ബുദ്ധിമുട്ടെങ്കിൽ അത് നേരിട്ട് വിളിച്ചു ചോദിക്കാമായിരുന്നു. എന്റെ മക്കളെ ഇത്രയുമാക്കിയത് കെസിഎ ആണ്. ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം. എന്തെങ്കിലും വിദ്വേഷമുണ്ടെങ്കിൽ അത് ഒഴിവാക്കണം. നിങ്ങളെ അനുസരിച്ച് ജീവിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം.
സഞ്ജുവിനെക്കാൾ മുൻപ് ഇന്ത്യൻ ടീമിലെത്തേണ്ട മൂത്ത മകന്റെ അവസരം ഇല്ലാതാക്കി. സഞ്ജുവിന്റെ അവസരം ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. രണ്ടു മുട്ടിനും അപകടം പറ്റിയ എന്റെ മകന് അവധി ചോദിച്ചതാണ് അന്നൊരിക്കൽ പ്രശ്നമായത്. സാർ എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെ ഞാൻ സംസാരിച്ചപ്പോൾ നീ ആരാടാ കേരള ക്രിക്കറ്റ് ടീമിന്റെ കോച്ച് ആണോടാ നീ എന്ന് അന്നത്തെ കെ.സി.എ. പ്രസിഡന്റായിരുന്ന ടി.സി. മാത്യു ചോദിച്ചു. അപ്പോഴാണ് അദ്ദേഹത്തിനോട് തിരിച്ചു ഞാൻ രണ്ടു വാക്ക് സംസാരിച്ചത്. കെസിഎ ചെയ്ത നന്മകൾ ഒന്നും മറന്നിട്ടില്ല. സഞ്ജുവിനെ കളിക്കാൻ അനുവദിക്കണം. അതുമാത്രമാണ് എന്റെ ആവശ്യം. ഞങ്ങൾ സ്പോർട്സ്മാൻമാരാണ്. സ്പോർട്സ് ബിസിനസ്സിൽ ഞങ്ങൾക്ക് താല്പര്യമില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് സഞ്ജു സാംസണെ തഴഞ്ഞതിന് പിന്നാലെ കെ.സി.എ.യ്ക്കെതിരേ വിമർശനമുന്നയിച്ച് ശശി തരൂർ എം.പി. രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ പറഞ്ഞു.