InternationalNews

‘തീ കൊണ്ടാണ് കളിക്കുന്നത്’; തായ്‌വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബീജിങ്: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ചൈന. അമേരിക്കയുടെ നടപടി തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

തായ്‌വാന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തായ്വാന് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന അപകടകരമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തായ്‌വാന് 571.3 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കാനുള്ള കരാറിന് വെള്ളിയാഴ്ച ജോ ബൈഡന്‍ ഒപ്പുവെച്ചിരുന്നു. സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നല്‍കുന്നതായിരുന്നു കരാര്‍. ഇതുകൂടാതെ 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധസംവിധാനങ്ങളും വില്‍പനയും ബൈഡന്‍ അംഗീകരിച്ചു. കഴിഞ്ഞ സെപ്തംബറില്‍ 567 ദശലക്ഷം ഡോളറിന്റെ സൈനിക സഹായത്തിന് ബൈഡന്‍ അംഗീകാരം നല്‍കിയതിന് പുറമേയാണ് പുതിയ സഹായം. അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തായ്‌വാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇതിനെതിരേയാണ് ചൈന രംഗത്തുവന്നിരിക്കുന്നത്.

സ്വയംഭരണ പ്രദേശമാണെങ്കിലും തായ്‌വാന്‍ തങ്ങളുടെ അധികാരപരിധിയിലുള്ള മേഖലയായിട്ടാണ് ചൈന കണക്കാക്കുന്നത്. തായ്‌വാന്റെ പരമാധികാരം ആവശ്യപ്പെട്ട് ചൈന നിരന്തരം ദ്വീപിനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. തായ്‌വാനരികില്‍ സൈനിക ശക്തിപ്രകടനം നടത്തിക്കൊണ്ടാണ് പലപ്പോഴും ചൈന അവരുടെ അവകാശം പ്രകടിപ്പിച്ചിട്ടുള്ളത്. യുഎസ് പ്രതിനിധികള്‍ തായ്‌വാനില്‍ സന്ദര്‍ശനം നടത്തുന്നത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈന ഒരാക്രമണം നടത്തുകയാണെങ്കില്‍ അതിനെതിരെ പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്വാന് സൈനികസഹായം നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker