News

ചേർത്ത് പിടിച്ചതിൽ നന്ദി, കാണാനെത്തിയതിൽ സന്തോഷം; ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രിയോട് ഉമ തോമസ്

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ഉമ തോമസ് പതിയെ നടന്നു തുടങ്ങി. ആശുപത്രി മുറിക്കുള്ളില്‍ ഡോക്ടറുടേയും നഴ്സിന്റെയും കൈ പിടിച്ച് ചിരിച്ചു കൊണ്ടാണ് ഉമ തോമസ് നടന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ തോമസ് ചികിത്സയില്‍ കഴിയുന്നത്.

ഇങ്ങനെയൊരു കരുതലുണ്ടല്ലോ അത് തന്നെയാ എനിക്ക് ആശ്വാസമെന്ന് ഉമ തോമസ് ഡോക്ടറോട് പറഞ്ഞു. ആരോഗ്യ നിലയില്‍ വലിയ മാറ്റമുണ്ടായതിന് ശേഷം നിരവധി പേരാണ് ഉമ തോമസിനെ ദിവസവും ആശുപത്രിയില്‍ കാണാനെത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമെല്ലാം ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു.

കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസിനെ കാണാന്‍ ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ചേര്‍ത്തുപിടിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് ഉമ തോമസ് എംഎല്‍എ നന്ദി പറഞ്ഞു. നിയമസഭയില്‍ പോകണമെന്നാണ് ഉമ തോമസിന്റെ ഇപ്പോഴത്തെ ആഗ്രഹമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ‘ഇപ്പോള്‍ ഇവര്‍ പറയുന്നത് അനുസരിക്കൂ, ബാക്കി ഇത് കഴിഞ്ഞ് നോക്കാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കാണാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഉമ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. ഇങ്ങനെ കാണുന്നത് വിഷമമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല് മിനിറ്റോളം ഇരുവരും സംസാരിച്ചു. തന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉമ തോമസ് മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. മക്കളായ വിവേക്, വിഷ്ണു, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു.’വീഴ്ച പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് ഒന്നും ഓര്‍മയില്ല, പരിപാടിക്ക് പോയത് പോലും ഓര്‍മയില്ല’ ഉമ തോമസ് സംഭാഷണത്തിനിടെ പറഞ്ഞു.

ആശുപത്രിക്കുള്ളില്‍ ഡോക്ടറുടെ കൈപിടിച്ച് എംഎല്‍എ നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.വീഴുന്നതിന്റെ വീഡിയോ കണ്ട കാര്യം മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഐസിയുവില്‍ വച്ച് ഉമ തോമസിനെ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി ഡോക്ടറും പറഞ്ഞു.മന്ത്രി കെഎന്‍ ബാലഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഉമ തോമസിനെ കാണാനായി എത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

സുഖം പ്രാപിക്കുന്ന ഉമ തോമസ് വൈകാതെ ആശുപത്രി വിടുമെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആര്‍.ബിന്ദുവിനോടും മറ്റുള്ളവരോടും ഉമ തോമസ് വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.

ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായി സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ് എത്തിയത്. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയില്‍നിന്ന് 15 അടി താഴേക്കു പതിച്ചു ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റു. സ്റ്റേജ് കെട്ടിയതില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നു കണ്ടെത്തി സംഘാടകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൊച്ചി കോര്‍പറേഷനും ജിസിഡിഎയും പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker