KeralaNews

'അധിക്ഷേപത്തിനിടെ കുറച്ചു പുകഴ്ത്തലാകാം, വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കില്ല'; സംഘഗാനത്തിൽ പിണറായി

തിരുവനന്തപുരം: അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാഴ്ത്തുപാട്ട് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഏറെ ചര്‍ച്ചയായ കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാനവും ഏറെ ചർച്ചയായിരുന്നു. വ്യാഴാഴ്ച സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.

ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍ എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തായതോടെയാണ് ഇത് വലിയ ചര്‍ച്ചയായത്.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ; ‘വാർത്ത വന്നതല്ലേ, വാർത്തയിൽ വന്നാൽ പിന്നെ ശ്രദ്ധയിൽ പെടൂല്ലേ? ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ല. വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പം ലേശം പുകഴ്ത്തൽ വന്നാൽ അതിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ്. അതിൽ എനിക്ക് സംശയമില്ല.

ഇങ്ങനെ ഒരു കാര്യം വരുമ്പോൾ തന്നെ, സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. അങ്ങനെയുള്ള ആളുകൾക്ക് വല്ലാത്ത വിഷമം സ്വാഭാവികമായിട്ടുണ്ടാകും. അത് അങ്ങനെയേ കാണേണ്ടതായുള്ളൂ’- മുഖ്യമന്ത്രി പറഞ്ഞു.

കാരണഭൂതൻ, കാവലാൾ… തുടങ്ങിയവയൊക്കെ വ്യക്തിപൂജ വിഷയത്തിലുൾപ്പെടില്ലേ എന്ന ചോദ്യത്തിന്; ഈ തരത്തിലുള്ള വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെ ഭാഗമല്ലാതെ ഒരാൾ എങ്ങനെ വരുന്നു, ഒരുകൂട്ടർ എങ്ങനെ വരുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇത്. അതല്ലാതെ ഞങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്നവരല്ല. വ്യക്തിപൂജയുടെഭാഗമായിട്ട് നിങ്ങള് പറയുന്ന രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ ആർക്കും നേടാനും സാധിക്കില്ല. അതാണ് ഞങ്ങളുടെ പൊതു സമീപനം – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker