KeralaNews

കറുത്ത മാസ്ക് പാടില്ല, മാധ്യമങ്ങൾക്ക് പാസ് ,ഒന്നര മണിക്കൂർ മുമ്പ് ഗതാഗത തടസം, കോട്ടയത്ത് നടന്നത്

കോട്ടയം: കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പേ പൊതുജനത്തിന്‍റെ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇതിന്‍റെ പേരിൽ കോട്ടയം നഗരത്തിൽ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നൽകിയ നി‍ർദേശം. 

കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു റോഡുകൾ അടച്ചത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിപക്ഷത്തിന്‍റേതടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് ഈ വെളിപ്പെടുത്തലുകളെത്തുടർന്ന് കേരളം സാക്ഷ്യം വഹിച്ചത്. 

പ്രദേശത്ത് നിയന്ത്രണത്തിന്‍റെ പേരിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഈ വഴി നടന്ന് പോയ കാൽനടയാത്രക്കാരെപ്പോലും പൊലീസ് തടഞ്ഞു വച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളനനഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും. 

കെജിഒഎ സമ്മേളനനഗരിയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളും പ്രത്യേക ഉപകരണം കൊണ്ട് വന്ന് എടുത്ത് മാറ്റി. സമീപത്ത് ബസ്സ് കാത്ത് നിന്നിരുന്ന എല്ലാവരോടും മാറി നിൽക്കാൻ നിർദേശിച്ചു. നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള ഹാളിലേക്കുള്ള റോഡിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഒരു വാഹനം പോലുമുണ്ടായിരുന്നില്ല. ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി, ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൻ സുരക്ഷാ വലയം ഒരുക്കിയപ്പോൾ പൊതുജനവും ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 

കോട്ടയത്ത് കൈക്കുഞ്ഞുമായി മാമ്മോദീസ കഴിഞ്ഞ് വരുന്ന കുടുംബം നടുറോട്ടിൽ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറോളം നേരമാണ്. ”ഞങ്ങൾക്ക് വീട്ടിലേ പോകണ്ടൂ, അതല്ലാതെ മുഖ്യമന്ത്രിയെ ഞങ്ങളെന്ത് ചെയ്യാനാ?”, എന്നാണ് അന്തം വിട്ട് ആ കുടുംബം ചോദിച്ചത്. ഒടുവിലൊരു ഡിവൈഎസ്പി എത്തിയ ശേഷമാണ് ഈ കുടുംബത്തെ പൊലീസ് വിട്ടത്.

മാധ്യമങ്ങൾക്കും അസാധാരണമായ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സമ്മേളനം നടക്കുന്ന മാമ്മൻ മാപ്പിള ഹാളിൽ ഒരുക്കിയിരിക്കുന്നത്. ഒന്നരമണിക്കൂർ മുമ്പേ മാധ്യമപ്രവർത്തകർ പരിപാടിയ്ക്ക് അകത്ത് കയറി ഇരിക്കണമെന്നാണ് നിർദേശം. മാധ്യമങ്ങൾക്ക് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം ഒരുക്കും. മുഖ്യമന്ത്രിയുടെ പ്രതികരണം നേരിട്ട് തേടാനാകില്ലെന്ന് ചുരുക്കം. പ്രത്യേക പാസ്സ് വാങ്ങിയ ശേഷം മാത്രമേ പരിപാടിയിൽ മാധ്യമപ്രവർത്തകർക്ക് പങ്കെടുക്കാനാകൂ. 

നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകർക്കും വലിയ നിയന്ത്രണമാണ് നേരിടേണ്ടി വന്നത്. ഗസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് മാധ്യമങ്ങളെ മാറ്റി. അരക്കിലോമീറ്റർ അകലെ നിന്ന് മാത്രമേ ദൃശ്യങ്ങൾ എടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. 

ഇതിനെല്ലാമിടയിലും നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വരവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് യുവമോർച്ചക്കാർ കരിങ്കൊടി കാണിച്ചു. രണ്ട് യുവമോർച്ചാ പ്രവർത്തകരാണ് മുഖ്യമന്ത്രി വരുന്ന വഴിയിൽ കരിങ്കൊടിയുമായി നിന്നത്. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ഇന്നലെ കേരളമെമ്പാടും പ്രതിപക്ഷം വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. ബിരിയാണിച്ചെമ്പുമായി അടക്കം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ വിവിധ ജില്ലകളിലെ ഭരണകേന്ദ്രങ്ങളിൽ നിരന്നു, പ്രതിഷേധിച്ചു. കോഴിക്കോട്ടും കണ്ണൂരിലുമടക്കം പ്രതിഷേധക്കാർക്ക് നേരെ പൊലീസിന്‍റെ നടപടിയുണ്ടായി. 

ഇതിനെല്ലാമിടയിലാണ് കെപിസിസി പ്രസിഡന്‍റിന് അസാധാരണമായ ഒരു നോട്ടീസ് ഇന്നലെ പൊലീസ് നൽകുന്നത്. പ്രതിഷേധങ്ങൾക്കിടെ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും, എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ കനത്ത നടപടിയുമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയായിരുന്നു നോട്ടീസ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button