കണ്ണൂര്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ചരിത്രത്തില്‍ കേരളം മുഴുവന്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനങ്ങളെ വിശ്വസിച്ചത് കൊണ്ടാണ് കൂടുതല്‍ സീറ്റു കിട്ടുമെന്ന് പറഞ്ഞതെന്നും പിണറായി പറഞ്ഞു.
കൊവിഡ് കണക്കുകള്‍ വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ലിത്. ആഘോഷത്തിന് തയാറെടുത്തവരും ആഘോഷ കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്. അതിന് കാരണം കൊവിഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനമെന്ന നിലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫിനാണ് കഴിയുകയെന്ന ചിന്ത ജനങ്ങളിലുണ്ടായിരുന്നു. നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്ന പൊതുബോധമുണ്ടായി. എല്‍ഡിഎഫ് നാടിനെ എങ്ങനെ നയിക്കുമെന്ന് നേരിട്ടുള്ള അനുഭവമുള്ള ജനങ്ങളാണുള്ളത്. കേരളത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു ഭാഗത്ത് നിന്ന് നോക്കിയാല്‍ തൊഴിലില്ലായ്മയാണ്. സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് നാടിന്റെ ഭാവി താത്പര്യത്തിന് എല്‍ഡിഎഫ് വേണമെന്ന ജനങ്ങള്‍ ചിന്തിച്ചത്. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ എന്‍ഡിഎ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല.