തിരുവനന്തപുരം: കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നടപടിയോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുഎപിഎ കാര്യത്തില്‍ നേരത്തെ തന്നെ ഇടതുപക്ഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ജനാധിപത്യകക്ഷികളും ആ നിലപാടാണ് സ്വീകരിച്ചതെന്ന് പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.യുഎപിഎയുടെ കാര്യത്തില്‍ അടുത്തകാലത്ത് പാര്‍ലമെന്റില്‍ ഭേദഗതി വന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. രാജ്യത്ത് അത്തരത്തിലൊരുനിയമം നിലനില്‍ക്കുന്നതിനോട് യോജിപ്പില്ല. കോഴിക്കോട് രരണ്ട് ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിന് പൊലീസ് പറയുന്ന കാരണങ്ങളുമുണ്ട്. ഇവരുടെ പേരില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്. അതില്‍ ഒരാളുടെ മാതാപിതാക്കള്‍ എന്നെ വന്നു കണ്ടിരുന്നു. പരിശോധിക്കട്ടെയെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. യുഎപിഎ ചുമത്തിയ ഉടനെ തന്നെ പ്രാബല്യത്തില്‍ വരില്ല. സര്‍ക്കാരിന്റെ പരിശോധന നടക്കണം. അതിന് പുറമെ ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്റെ പരിശോധന നടക്കണമെന്നും പിണറായി പറഞ്ഞു.
മാവോവാദി അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രംഗത്തെത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.