ശൈലജ വീണ്ടും മന്ത്രിസഭയിലേക്ക്?അഴിച്ചുപണിയ്ക്ക് പിണറായി സര്‍ക്കാര്‍; യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും വയനാട് സീറ്റും മുരളിയ്ക്ക്, ചര്‍ച്ചകളിലേക്ക് സി.പി.എമ്മും കോണ്‍ഗ്രസും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും. തൃശ്ശൂരിലെ തോല്‍വിയില്‍ കെ മുരളീധരന്‍ പരിഭവിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടി പരുങ്ങലിലാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് മിന്നും ജയം നല്‍കിയതെന്നതിരിച്ചറിവ് സിപിഎമ്മിലും ചര്‍ച്ചയിലാണ്. വോട്ടുവിഹിതം കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി തലത്തില്‍ അഴിച്ചുപണിക്ക് ബിജെപിയും ഒരുങ്ങിയേക്കും. ഇതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ഫലം വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിടുമെന്നുറപ്പായി.
സംഘടനയില്ലാതെ പോയതാണ് തൃശൂരില്‍ തോല്‍വിക്ക് കാരണമെന്നാണ് കെ മുരളീധരന്‍റെ വിമര്‍ശനം. വരും ദിവസങ്ങളിലും തോല്‍വിയില്‍ മുരളീധരൻ നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചാല്‍ കോണ്‍ഗ്രസിനും അത് വെല്ലുവിളിയാകും. മുരളീധരന്‍റെ മുനവച്ച ആരോപണങ്ങളോട് കരുതലോടെ മതി പ്രതികരണമെന്നാണ്
നേതൃത്വത്തിന്‍റെ തീരുമാനം. ഇനി പൊതു പ്രവര്‍ത്തനത്തിന് ഇല്ലെന്ന കടുത്ത നിലപാടെടുത്താണ് മുരളീധരൻ കോഴിക്കോട്ടേക്ക് മടങ്ങിയത്.
വോട്ടെണ്ണല്‍ കഴിഞ്ഞ് മുരളീധരനെ കാണാന്‍ മണ്ണൂത്തിയിലെത്തിയ ജില്ലാ നേതാക്കളോട് അതിരൂക്ഷമായിട്ടായിരുന്നു മുരളിയുടെ പ്രതികരണം. ഇതിനാല്‍ തന്നെ മുരളീധരനെ അനുനയിപ്പിക്കുകയെന്നതാണ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. മുരളീധരന് അര്‍ഹമായ പദവി നല്‍കുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്ന് നേതാക്കള്‍ തന്നെ പറയുന്നു. നേതൃത്വം പറഞ്ഞിട്ട് മണ്ഡലം മാറി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ മുതല്‍ കെപിസിസി അധ്യക്ഷ
പദവി വരെ മുരളീധരന് നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നിവ ഭരണത്തിന്‍റെ ശോഭ കെടുത്തിയെന്ന കാര്യത്തില്‍ സിപിഎമ്മിനും തിരിച്ചറിവുണ്ട്. എന്നാല്‍, അപ്പോഴും പിണറായിയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പാര്‍ട്ടി ധൈര്യപ്പെടില്ല. കെ. രാധാകൃഷ്ണൻ ജയിച്ച സാഹചര്യം കൂടി കരുതി മന്ത്രിസഭയുടെ മുഖം മിനുക്കി വരെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമമുണ്ടായേക്കാം. കെകെ ശൈലജയെ വീണ്ടും മന്ത്രിയാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ഇതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള സാധ്യതയുമുണ്ട്.
പ്രധാന നേതാക്കള്‍ പലകുറി ശ്രമിച്ചിട്ടും കിട്ടാതെപോയ കസേരയിലാണ് സുരേഷ് ഗോപിയുടെ സ്ഥാനം. പാര്‍ട്ടിക്ക് പുറത്തും സ്വാധീനമുള്ള വ്യക്തികളെ തലപ്പത്തേക്ക് എത്തിക്കാനുള്ള നീക്കം ഇതുവഴി കേന്ദ്രനേതൃത്വം നടത്തിയേക്കാം. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യം വെച്ച് സംഘടനയില്‍ സമുദായ പരിഗണനയും വന്നേക്കും.