ശബരിമല: മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു. കർണാടകയിലെ കനകപുര രാംനഗർ മധുരാമ്മ ടെമ്പിൾ റോഡിലെ തഗദുര ചാറിന്റെ മകൻ കുമാർ (40) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക് ഇയാൾ ചാടിയത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ ആദ്യം സന്നിധാനത്തെ ഗവ. ആശുപത്രിയിലും പിന്നീട് പമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സി.ടി.സ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി മേരിക്വീൻ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. ഈ തീർഥാടകന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്ന് ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് എ.ഡി.എം. അരുൺ എസ്.നായർ പറഞ്ഞു. വീണതിന് ശേഷം പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്നതാണ് സംശയത്തിന് കാരണം. മൃതദേഹം മേരിക്വീൻ ആശുപത്രി മോർച്ചറിയിൽ.