തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 12 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണു പി.ജി ഡോക്ടര്‍മാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പരാതി. റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സൂചന പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് നോണ്‍ കോവിഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കും.
മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ എണ്ണം രൂക്ഷമായി കുറഞ്ഞിരിക്കുന്നു. നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാര്‍ പ്രവര്‍ത്തനകാലാവധി കഴിഞ്ഞ് പോയി. പുതിയ ഹൗസ് സര്‍ജന്‍മാര്‍ ഡ്യൂട്ടിയില്‍ കയറിയിട്ടില്ല. പി.ജി പ്രവേശനത്തിന് വേണ്ട നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിയതിനാല്‍ പുതിയ ബാച്ച് പി.ജി ഡോക്ടര്‍മാരുമില്ല. മൂന്നാം വര്‍ഷ പി.ജികാര്‍ക്ക് പരീക്ഷയായതിനാല്‍ അവരും ഡ്യൂട്ടിയിലില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ രൂക്ഷമായ ആള്‍ ക്ഷാമമാണ് മെഡിക്കല്‍ കോളജുകളില്‍ അനുഭവപ്പെടുന്നതെന്ന് പി.ജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഒന്നരവര്‍ഷമായി അക്കാദമിക പഠനംപോലും ലഭ്യമാകാത്ത അവസ്ഥയാണ്. കൊവിഡ് ഡ്യൂട്ടി മാത്രമായതിനാല്‍ മറ്റ് രോഗികളെ കണ്ടുള്ള പരിശീലനം പോലും ലഭ്യമായില്ല. അതിനാല്‍, കോവിഡ് മൂന്നാം തരംഗം ഉള്‍ക്കൊള്ളാന്‍ മെഡിക്കല്‍ കോളജ് അല്ലാത്ത മറ്റു പ്രധാന ആശുപത്രികളെ തയാറാക്കുക. നാളത്തെ ഡോക്ടര്‍മാരുടെ പരിശീലനകേന്ദ്രങ്ങളായ മെഡിക്കല്‍ കോളജുകള്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആയിമാത്രം മാറ്റാതിരിക്കുക.
മെഡിക്കല്‍ കോളജിനെ മാത്രം ആശ്രയിക്കേണ്ടിവരുന്ന സാധാരണ ജനങ്ങള്‍ക്ക് അവരുടെ ചികിത്സ, മുന്‍കാലങ്ങളിലെപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവാനിടയാക്കാതിരിക്കുക എന്നിവയാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. പി.ജി സീറ്റുകളുടെ അനുപാതത്തില്‍ സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കണം. ആവശ്യത്തിന് തസ്തികകള്‍ ഇല്ലാത്തതിനാല്‍ പരീക്ഷ പാസായ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ജോലിക്ക് കയറാനാവാത്ത അവസ്ഥയിലാണ്. ധനകാര്യവകുപ്പ് അംഗീകരിച്ച 76 സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ ഉടന്‍തന്നെ അതത് കോളജുകളിലേക്ക് മാറ്റുക.
2016 അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി പോസ്റ്റിങ്ങുകള്‍ അവരുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കഴിയുന്ന മുറക്ക് അടിയന്തരമായി തുടങ്ങുക. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുക. തടഞ്ഞുവെച്ചിരിക്കുന്ന സ്‌റ്റൈപന്‍ഡിലെ നാല് ശതമാനം വാര്‍ഷിക വര്‍ധന പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.