പെരിങ്ങൽക്കുത്ത് ഡാം തുറന്നു; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രതാനിർദേശം
തിരുവനന്തപുരം/കൊച്ചി: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപകനാശം. മഴക്കെടുതിയിൽ ചൊവ്വാഴ്ച മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നാട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത്.
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന(51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടയിലുണ്ടായ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ഉയർത്തുമെന്നും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പോപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടർന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്.
പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ശക്തിയായതോടെയാണ് 15 ഷട്ടറുകളും ഉയർത്തിയത്. നടുഭാഗത്തെ നാല് ഷട്ടറുകൾ 5 മീറ്റർ വീതവും മറ്റ് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്.