മരങ്ങള്‍ക്കും ഇനി പെന്‍ഷന്‍! വേറിട്ട പദ്ധതിയുമായി സര്‍ക്കാര്‍
ചണ്ഡീഗഢ്: മരങ്ങള്‍ക്ക് നിലനില്‍പ്പുണ്ടെങ്കില്‍ മാത്രമേ ഭൂമിയില്‍ മനുഷ്യന് വാസം സാധ്യമാകുകയുള്ളൂ. എല്ലാ പരിസ്ഥിതി ദിനത്തിലും മരം നടുന്നതിലൂടെ മാത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മരം നട്ടാല്‍ മാത്രം പോരാ അവയെ സംരക്ഷിക്കുക കൂടെ വേണം. ബോധവത്കരണവും അവബോധ പദ്ധതികളുമായി സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തിറങ്ങാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ മരങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിരിക്കുകയാണ്.
75 വയസിന് മുകളില്‍ പ്രായമുള്ള മരങ്ങള്‍ക്കാണ് പ്രതിവര്‍ഷം 2500 രൂപ പെന്‍ഷനായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ”പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതി” എന്ന പദ്ധതിയുടെ കീഴിലാണ് ഹരിയാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം. മരങ്ങള്‍ക്ക് മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യം അത്ര വലുതാണ്. ശുദ്ധവായുവിനും പ്രകൃതിയുടെ നിലനില്‍പിനും മരങ്ങള്‍ അത്യാവശ്യമാണ്. മരങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ അത്ര വലുതാണ്. മരങ്ങളെ സംരക്ഷിക്കാനും മലിനീകരണം കുറയ്ക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ മരങ്ങളെ കണ്ടെത്തി പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. സഹായത്തിനായി വനം വകുപ്പും ഒപ്പം ഉണ്ട്. ഇതിനൊപ്പം ‘ഓക്‌സി വന്‍’ എന്ന പദ്ധതിയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നഗരങ്ങളിലുടനീളം മരങ്ങള്‍ വെച്ചുപിടിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 75 വയസിന് മുകളിലുള്ള മരങ്ങള്‍ക്ക് പെന്‍ഷനും മുതിര്‍ന്ന മരങ്ങള്‍ക്ക് പൈതൃക പദവിയും നല്‍കും. മരത്തിന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് മരത്തിന്റെ പെന്‍ഷനും വര്‍ധിപ്പിക്കും.
ആരുടെ ഭൂമിയിലാണോ മരം ഉള്ളത് അവര്‍ക്കാണ് പെന്‍ഷന്‍ തുക നല്‍കുക. അതായത് സ്വകാര്യ ഉടമസ്ഥതിയിലുള്ള ഭൂമി ആണെങ്കില്‍ ഭൂമി ഉടമസ്ഥനും പഞ്ചായത്ത് ഭൂമിയിലാണെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിനും സ്‌കൂള്‍ വകയാണെങ്കിലും പ്രിന്‍സിപലിനുമാണ് പെന്‍ഷന്‍ തുക ലഭിക്കുക. പൈതൃക മരങ്ങള്‍ മുറിക്കുന്നവര്‍ക്കും നശിപ്പിക്കുന്നവര്‍ക്കും തടവും പിഴയും ലഭിക്കും.