തിരൂര്‍: 54 വൃക്കരോഗികള്‍ക്ക് പണം കണ്ടെത്താന്‍ 40,000 ലിറ്റര്‍ പായസചലഞ്ചുമായി തിരൂരിലെ കാരുണ്യക്കൂട്ടായ്മ. അഭയം ഡയാലിസിസ് സെന്ററിലെത്തുന്ന വൃക്കരോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള പണം കണ്ടെത്താനാണ് പാലടപ്പായസ ചാലഞ്ചുമായി കൂട്ടായ്മ രംഗത്തെത്തിയത്. 40,000 ലിറ്റര്‍ പാലടപ്പായസമാണിവിടെ തയ്യാറാക്കിയത്.
ഇത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം നാലുലക്ഷം പേരുടെ അടുത്തേയ്ക്ക് എത്തും. ലിറ്ററിന് 250 രൂപ നിരക്കിലാണ് വിതരണം ചെയ്യാന്‍ തീരുമാനം. 80 ലക്ഷം രൂപ സമാഹാരിക്കാനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. തിരൂര്‍, താനൂര്‍ നഗരസഭകളിലും സമീപത്തെ 14 ഗ്രാമപ്പഞ്ചായത്തുകളിലുമാണ് പായസം വില്‍ക്കുക.
15,000 ചതുരശ്രയടി സ്ഥലത്താണ് പാചകപ്പുരയും പാക്കിങ്ങിനുമായി പന്തലൊരുക്കിയിരിക്കുന്നത്. 40,000 ലിറ്റര്‍ പാലും 7000 കിലോ പഞ്ചസാരയും 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടണ്‍ പുളിമരവിറകും 6000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചു. 4000 കിലോ പഞ്ചസാര തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് സംഭാവന ചെയ്തത്. വിവിധ ക്ലബ്ബുകളും സന്നദ്ധസംഘടനകളും വ്യക്തികളും പായസ ചാലഞ്ചിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷനാണ് മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നായി പാചകക്കാരെ സൗജന്യമായി എത്തിച്ചത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍െഫയര്‍ അസോസിയേഷന്‍ സൗജന്യമായി 240 ചെമ്പും ചരക്കും പാത്രങ്ങളും നല്‍കി. വിവിധ പഞ്ചായത്തുകളിലും വാര്‍ഡുകളിലും നിയോഗിച്ച കോ -ഓര്‍ഡിനേറ്റര്‍മാര്‍ മുഖേനയാണ് രാവിലെ ആറരമുതല്‍ പായസം വിതരണംചെയ്യുക.