‘പതിയെ ബുളീമിയയുടെ അതിതീവ്ര അവസ്ഥയില്‍ ഞാന്‍ എത്തി’; രോഗാവസ്ഥയെ കുറിച്ച് പാര്‍വതി
ബോഡി ഷെയ്മിംഗിലൂടെ കടന്ന് പോകാത്തവരായി ആരും തന്നെയുണ്ടാകില്ല. തൊലി നിറത്തിന്റെ പേരില്‍, ശരീരാകൃതിയുടെ പേരില്‍, മുടിയുടെ സ്വഭാവത്തിന്റെ പേരില്‍, പല്ലുകള്‍, നഖങ്ങള്‍, കൈകള്‍, കാലുകള്‍ തുടങ്ങി മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിന് നിരന്തരം വിധേയമാകുന്ന ഭീകര അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്കറിയാം തങ്ങള്‍ ആ ഘട്ടത്തില്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും, സങ്കടവും, അരക്ഷിതാവസ്ഥയും, ആത്മവിശ്വാസക്കുറവും എത്ര വലുതും ആഴത്തിലുള്ളവയുമായിരുന്നുവെന്ന്.
മെലിഞ്ഞിരിക്കുന്നവരോട്, നിരന്തരം ചുറ്റുമുള്ള സമൂഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും ‘നീ മെലിഞ്ഞതാണ്, നീ വിരൂപയാണ്, ആരോഗ്യമില്ലാത്തവളാണ്’ എന്ന്. ഓരോ തവണയും പറ്റാവുന്നതിലുമധികം ഭക്ഷണം കഴിക്കാന്‍ പാടുപെട്ട് ഒടുവില്‍ പരാജയപ്പെട്ട് ഛര്‍ദിച്ഛ് തളര്‍ന്നിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ ?
സമൂഹം കല്‍പിച്ച അഴകളവുകളേക്കാള്‍ ഒരല്‍പം തടി കൂടിയവരുടെ അവസ്ഥയും സമാനമാണ്. ഓരോ തവണ വിശക്കുമ്പോഴും, സമൂഹത്തെ ഭയന്ന് വിശപ്പ് സഹിച്ച് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥയിലേക്ക് ചുറ്റുമുള്ളവര്‍ ഇവരെ തള്ളിവിടുന്നു.
സമാന അനുഭവം പങ്കുവയ്ക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. തടിച്ചിരുന്നതിന്റെ പേരില്‍ കേട്ട ‘ഉപദേശങ്ങളും’, പരിഹാസങ്ങളും ബുളീമിയ എന്ന രോഗത്തിന്റെ തീവ്രമായ അവസ്ഥയിലേക്കാണ് തന്നെ എത്തിച്ചതെന്ന് പാര്‍വതി തുറന്ന് പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
വര്‍ഷങ്ങളോളം ഞാന്‍ എന്റെ ചിരി അടക്കിപ്പിടിച്ചു. ഞാന്‍ പുഞ്ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ എങ്ങനെ വലുതാകുന്നു എന്നതിനെക്കുറിച്ച് നിരന്തരം അഭിപ്രായം പറയുന്നത് ഉചിതമാണെന്ന് എനിക്കൊപ്പം ജോലി ചെയ്തിരുന്നവര്‍ കരുതിയിരുന്നു.,എനിക്ക് അവര്‍ ആഗ്രഹിക്കുന്നത്ര ആകൃതിയുള്ള താടിയും ഉണ്ടായിരുന്നില്ല. അതോടെ ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.
ജോലിസ്ഥലത്തും മറ്റ് പരിപാടികളിലും ഞാന്‍ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിരുന്നു, കാരണം ഞാന്‍ കഴിക്കുമ്പോള്‍ ആഹാരം വെട്ടിക്കുറയ്ക്കണമെന്ന് അവര്‍ എന്നോട് പറയും. അതുകേട്ടാല്‍ പിന്നെ മറ്റൊന്നും കഴിക്കാന്‍ എനിക്ക് തോന്നില്ല.
‘ഞാന്‍ നിങ്ങളെ അവസാനമായി കണ്ടതിലും തടിച്ചോ?’
‘നീ കുറച്ച് മെലിയേണ്ടതുണ്ട്’
‘ഓ, നിന്റെ ഭാരം കുറഞ്ഞു! നല്ലത്! ‘
‘നീ ഡയറ്റിങ് ഒന്നും ചെയ്യുന്നില്ലേ?’
‘ നീ അത്രയും കഴിക്കാന്‍ പോകുകയാണോ?’
‘നീ കൂടുതല്‍ കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളുടെ ഡയറ്റീഷ്യനോട് പറയും!’
‘മാരിയന്‍ സിനിമയിലേത് പോലെ മെലിഞ്ഞാലെന്താ?
ഇതൊക്കെ തമാശയായി എടുത്തുകൂടെ? നല്ലതിന് വേണ്ടിയാണു പറഞ്ഞത് എന്ന കമന്റുകള്‍ ഒന്നും എന്റെ ശരീരം കേട്ടില്ല. ആളുകള്‍ പറയുന്നതെല്ലാം ശരീരത്തിലേക്ക് എടുക്കുകയും മനസ് ആ കമന്റുകള്‍ പറയാന്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു. ഞാന്‍ എന്നെത്തന്നെ പരിരക്ഷിക്കാന്‍ എത്ര ശ്രമിച്ചാലും, ഈ വാക്കുകള്‍ ഒടുവില്‍ മനസിലേക്ക് കയറി. വൈകാതെ ഞാന്‍ ബ്യൂളീമിയയുടെ ഒരു തീവ്രമായ അവസ്ഥയിലേക്ക് എത്തി.
ഇവിടെ എത്താന്‍ എനിക്ക് വര്‍ഷങ്ങള്‍ എടുത്തു.അതിശയകരമായ ചില സുഹൃത്തുക്കളുടെയും ഫിറ്റ്നസ് പരിശീലകന്റെയും തെറാപ്പിസ്റ്റുകളുടെയും സഹായത്തോടെ, ഞാന്‍ വീണ്ടും തുറന്നു ചിരിക്കാന്‍ തുടങ്ങി.
ദയവായി ഓരോരുത്തരും അവരവര്‍ക്കും മറ്റുള്ളര്‍ക്കും ഇടംനല്‍കുക. നിങ്ങളുടെ തമാശകളും അഭിപ്രായങ്ങളും മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ഒഴിവാക്കുക. നിങ്ങള്‍ എത്ര നന്നായി ‘ഉദ്ദേശിച്ചാലും അത് പറയാതിരിക്കുക. സുഖം പ്രാപിക്കുന്ന എല്ലാവര്‍ക്കും, പുഞ്ചിരിക്കുന്നതിന് നന്ദി!