KeralaNews

ഒടുവില്‍ പങ്കാളിത്ത പെൻഷൻ റിപ്പോർട്ട് കൈമാറി; കുറഞ്ഞ പെൻഷൻ ഉറപ്പുവരുത്തണമെന്ന് ശുപാർശ

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നേട്ടമുണ്ടാകണമെങ്കില്‍ 2040 വരെ കാത്തിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്ത് കൊല്ലത്തില്‍ താഴെ സര്‍വ്വീസുള്ളവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-ന് മുമ്പ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണോ പങ്കാളിത്ത പെന്‍ഷന്‍ വേണോ എന്ന് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.

സമിതിയുടെ പഠനം കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായെങ്കിലും സര്‍ക്കാര്‍ റിപ്പോർട്ട് പരസ്യമാക്കാതെ വെച്ചിരിക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് കൈമാറിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമായിരുന്നത്. ഇത് പുനഃപരിശോധിക്കാനുള്ള സമിതി റിപ്പോര്‍ട്ട് 2021 മുതല്‍ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ധനവകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.

പങ്കാളിത്ത പെന്‍ഷന്‍ കൊണ്ട് സര്‍ക്കാരിന് 2040-ല്‍ മാത്രമേ പ്രയോജനമുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെന്‍ഷന്‍ ബാധ്യത കുറയുമ്പോള്‍ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്കാമെന്നതാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത് കൊണ്ടുള്ള പ്രയോജനമായി സര്‍ക്കാര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button