25.3 C
Kottayam
Tuesday, May 14, 2024

യു.ഡി.എഫ് അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും- കെ.സുധാകരൻ

Must read

തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സർവീസ് സംരക്ഷണ മുന്നേറ്റം ‘പടഹധ്വനി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് കെ.പി.സി.സി. നൽകുന്ന വാഗ്ദാനമാണ്. ഇത് അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. കേരളത്തിലെ ജനങ്ങൾ രണ്ടു പോരുകാളകൾക്കിടയിലാണ് ജീവിക്കുന്നത്. വടക്കേയറ്റത്ത് നരേന്ദ്രമോദിയും തെക്കേയറ്റത്ത് പിണറായി വിജയനും. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം പാർലമെന്റിൽ ബി.ജെ.പി. ഭയക്കുന്നതുകൊണ്ടാണ് ദുർബല വാദമുഖങ്ങളുയർത്തി അദ്ദേഹത്തെ അയോഗ്യനാക്കിയത്.

പുതിയ വരുമാനമാർഗം ഇല്ലാതായ സംസ്ഥാന സർക്കാർ നികുതികൾ അടിക്കടി കൂട്ടി കേരള ജനതയെ കൊള്ളയടിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തിൽ ഇത്രയും കടബാധ്യത വരുത്തിയും ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസമൂഹത്തെ പിന്നോട്ടടിച്ച മറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


ക്ഷേമ പെന്‍ഷനുകള്‍ വിഷുവിനെങ്കിലും കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

‘കോടികള്‍ കടമെടുത്ത് ധൂര്‍ത്തുകളുടെ മഹാമഹം നടത്തുന്ന ജനവിരുദ്ധ സര്‍ക്കാരാണ് പിണറായി വിജയന്റേത് . മൂന്നു മാസങ്ങളായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുകയാണ്. വിശേഷ അവസരമായ വിഷു വന്നിട്ടുപോലും കുടിശ്ശിക തീര്‍ക്കാനായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല.കൃത്യമായി ജനങ്ങളിലേക്ക് വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ മുടങ്ങാതെ എത്തിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിനെ പറ്റി ഇപ്പോളും നാണംകെട്ട വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന കൂട്ടമാണ് സിപിഎം .

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പോലും കൃത്യമായി കൊടുത്ത യുഡിഎഫിന്റെ കാലഘട്ടത്തില്‍ നിന്നും അവിടെ ശമ്പളം പോലും കൊടുക്കാനാകാത്ത കാലത്തേക്കാണ് ശ്രീ. വിജയന്‍ കേരളത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. നിരാലംബര്‍ക്ക് ആശ്രയം ആകേണ്ട പല പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

കോടികളുടെ അധിക നികുതിയാണ് മുഖ്യമന്ത്രി വിജയന്‍ ജനങ്ങളെ പിടിച്ചുപറിച്ച് ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഒരു വീട് വെക്കുക എന്നത് സാധാരണക്കാരന്റെ സ്വപ്നം മാത്രമായി മാറുന്നു. അവിടെ പോലും ഈ ജനദ്രോഹ സര്‍ക്കാര്‍ കൊള്ള നടത്തി പണം സമ്പാദിക്കുകയാണ്. പെട്രോള്‍ ഡീസല്‍ വിലകളില്‍ കേന്ദ്രം നടത്തുന്ന കൊള്ളയ്ക്കു പുറമേ രണ്ടു രൂപ അധികം ചുമത്തി ജനങ്ങളുടെ നെട്ടോട്ടം കണ്ട് ചിരിക്കുന്ന സാഡിസ്റ്റായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നു.

ജനങ്ങളില്‍ നിന്ന് തന്നെ അധികമായി കോടിക്കണക്കിന് രൂപ കൊള്ളയടിച്ചിട്ടും പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ക്ഷേമ പെന്‍ഷനുകള്‍ പോലും മുഴുവനായി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഗുണഭോക്താക്കളെയാണ് പെന്‍ഷന്‍ നല്‍കേണ്ട പട്ടികയില്‍ നിന്നും സര്‍ക്കാര്‍ വെട്ടിമാറ്റിയിരിക്കുന്നത്.

പി ആര്‍ വര്‍ക്കുകള്‍ നടത്തി ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടിവിദ്യകള്‍ മാറ്റിവെച്ചിട്ട് , മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പെന്‍ഷനും അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ഇനിയെങ്കിലും കൊടുത്തു തീര്‍ക്കണം’ സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week