തൃശൂര്‍: ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തിൽ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ ക്ഷേത്രത്തിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പഞ്ചാരിമേളം നടത്തി പ്രതിഷേധിച്ചു. ആറാട്ടുപുഴ പൂരത്തിൽ നടത്തുന്ന മേളത്തിന് സമാനമായിട്ടാണ് പ്രതീകാത്മക പഞ്ചാരിമേള പ്രതിഷേധം നടത്തിയത്.
ആനകളെ എഴുന്നള്ളിക്കാതെ നെറ്റിപ്പടവും വെഞ്ചാമരവും ഉള്‍പ്പെടെ പ്രത്യേകമായി ഉയര്‍ത്തിവെച്ചുകൊണ്ടാണ് പഞ്ചാരിമേളം നടത്തിയത്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി തീരുമാനം എടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുതിയ നിയന്ത്രണം തൃശൂര്‍ പൂരത്തെയും ആറാട്ടുപുഴ പൂരത്തെയും ഉള്‍പ്പെടെ ബാധിക്കുമെന്നാണ് പരാതി.
രാവിലെ ഉത്രാളിക്കാവ് പൂരം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദേശങ്ങൾ ചേർന്ന് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷേധ സംഗമവും നടത്തിയിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും സംരക്ഷിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആന ആചാരത്തിന്‍റെ ഭാഗമല്ലെന്നും രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്നും ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് തൃശ്ശൂരിലെ വിവിധ ക്ഷേത്രം കമ്മിറ്റികൾ പ്രതിഷേധം കടുപ്പിച്ചത്.
ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അധികൃതരോട് ഇത് രാജഭരണ കാലമല്ലെന്നായിരുന്നു കോടതിയുടെ മറുപടി. ഈ സാഹചര്യത്തിലാണ് വിവിധ ക്ഷേത്രം കമ്മിറ്റികൾ പ്രതിഷേധവുമായെത്തുന്നത്. ഉത്രാളിക്കാവ് പൂരത്തിന്‍റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്രാളിക്കാവ് പൂരം സെൻട്രൽ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമരനെല്ലൂർ, എങ്കക്കാട്, വടക്കാഞ്ചേരി ദേശങ്ങൾ സംയുക്തമായി ചേർന്ന് ക്ഷേത്രത്തിന് മുൻപിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഇപ്പോഴത്തെ മാനദണ്ഡങ്ങൾ പാലിച്ച് പാരമ്പര്യമായി നടത്തിവരുന്ന ഉത്രാളിക്കാവ് പൂരം നടത്താനാകില്ലെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ഗുരുവായൂർ ആനയോട്ടം പോലെയുള്ള ചടങ്ങുകളെ പുതിയ മാനദണ്ഡം എങ്ങനെ ബാധിക്കും എന്നതിൽ ആശങ്ക ഉണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പ്രതികരിച്ചു. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് ഉചിതമായ നിയമനിർമ്മാണം കൊണ്ടുവരുമെന്നും എംഎൽഎ പറഞ്ഞു. ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ; 'നിയമ നിർമ്മാണം നടത്തണം'