പാലോട്: ഉമ്മയ്ക്കും ബാപ്പായ്ക്കുമൊപ്പമാണ് ഫൗസിയ രാത്രി ഉറങ്ങാൻ കിടന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ഉണരുമ്പോൾ ഫൗസിയയ്ക്കു സമീപമുണ്ടായിരുന്നത് ചോരയിൽ കുളിച്ച ഉമ്മ നാസിലയുടെ ചേതനയറ്റ ശരീരമായിരുന്നു. ബാപ്പ റഹീമിനെ കാണാനുമില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഫൗസിയ. പെരിങ്ങമ്മല പറങ്കിമാംവിള നവാസ് മൻസിലിൽ നാസിലാബീഗത്തിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം റഹീം രക്ഷപ്പെടുകയായിരുന്നു.
ബുധനാഴ്ച രാത്രിയും എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് കാര്യങ്ങളും കഥകളുമൊക്കെപ്പറഞ്ഞാണ് ഉറങ്ങാൻ കിടന്നത്. ഉറങ്ങാൻ പോകുന്നതിനു മുമ്പായി റഹീം വിവാഹത്തിനുപോയി മടങ്ങിവന്നപ്പോൾ കൊണ്ടുവന്ന രണ്ട് ചോക്ളേറ്റുകൾ ഉമ്മയ്ക്കും തനിക്കും തന്നതായി ഫൗസിയ ഓർക്കുന്നു. രണ്ടാളും അതും നുണഞ്ഞാണ് ഉറങ്ങാൻ കിടന്നത്. പിന്നെ സംഭവിച്ചതൊന്നും ഫൗസിയയ്ക്കും ഓർമ്മയില്ല.
കഴുത്തിലും നെഞ്ചിലുമേറ്റ ആഴത്തിലുള്ള കുത്താണ് നാസിലയുടെ മരണത്തിനു കാരണമായത്. ഒപ്പം കിടന്നുറങ്ങിയ മകൾപോലും അറിയാതെയാണ് റഹീം കൊലപാതകം നടത്തിയത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്മാരെയും കുഴയ്ക്കുന്നു.രാവിലെ ഉമ്മയുടെ ബാപ്പ വന്നുവിളിച്ചപ്പോഴാണ് ഫൗസിയ ഉണർന്നത്. എല്ലാം കണ്ട് തളർന്നുവീണ അവളെ ഉടൻതന്നെ മറ്റൊരു വീട്ടിലേക്കു മാറ്റി. കഴിച്ച ചോക്ളേറ്റിൽ മയക്കുമരുന്നുണ്ടായിരുന്നോ എന്ന് ഇനിയുള്ള പരിശോധനയിലേ അറിയാൻ കഴിയൂ.
നേരത്തെ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് ബിസിനസ് നടത്തിയിരുന്ന റഹീം പൈട്ടന്ന് കടക്കെണിയിലാവുകയായിരുന്നു. തുടർന്ന് കുറേക്കാലം മാനസികവെല്ലുവിളിക്ക് ചികിത്സയിലായി. ചാക്കയിലെ സർക്കാർ ജോലിക്ക് മിക്ക ദിവസങ്ങളിലും പോകാതെയായി. തുടർച്ചയായി മരുന്ന് കഴിച്ചാണ് വീണ്ടും സമാധാനജീവിതത്തിലേക്കു മടങ്ങിവന്നത്. കഴിഞ്ഞ രണ്ടുവർഷമായി വീണ്ടും കുടുംബത്തോടൊപ്പം താമസിച്ചുവരുന്നതിനിടെയാണ് ഇപ്പോൾ ഈ ദുരന്തം. ഡിഗ്രി വിദ്യാർഥി യാസർ ആണ് ഇവരുടെ മറ്റൊരു മകൻ.