KeralaNews

താത്കാലിക സ്റ്റോപ്പിലും യാത്രക്കാരെ വട്ടം ചുറ്റിച്ച് പാലരുവി

ഏറ്റുമാനൂർ: ചിങ്ങവനം ഇരട്ട പാതയോട് അനുബന്ധിച്ച് താത്‌കാലിക സ്റ്റോപ്പ്‌ അനുവദിച്ച പാലരുവി ഇന്നലെ ഏറ്റുമാനൂരിൽ നിർത്തിയത് പ്ലാറ്റ് ഫോം നാലിൽ ആയിരുന്നു. നാലാമത്തെ പ്ലാറ്റ് ഫോമിൽ നിന്ന് സ്റ്റേഷനിലേയ്ക്കോ പുറത്തേയ്ക്കോ ഇറങ്ങുവാൻ മാർഗ്ഗം ഇല്ലാത്തതാണ് യാത്രക്കാരെ വലച്ചത്. ഒന്നും രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചുകൊണ്ട് മേൽപ്പാലം ഉണ്ട്, എന്നാൽ നാലാമത്തെ പ്ലാറ്റ് ഫോമിൽ നടപ്പാത പോലും പൂർത്തിയായിട്ടില്ല.

കോവിഡിന് ശേഷം കാട് പിടിച്ച അവസ്ഥയിലാണ് ഇവിടെ നാലാമത്തെ പ്ലാറ്റ് ഫോം. ഇന്നലെ രാത്രി 09.30 ന് എത്തിച്ചേർന്ന പാലരുവിയിൽ ഏറ്റുമാനൂരിൽ ഇറങ്ങിയ പ്രായമായവരടക്കം നിരവധിയാളുകൾ ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയും യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററോട് പരാതി അറിയിക്കുകയും ചെയ്തു. കോട്ടയം ഭാഗത്തേയ്ക്ക് സാധാരണ ട്രെയിൻ എത്തിച്ചേരുന്ന ഒന്നും രണ്ടും ട്രാക്കിൽ ട്രെയിനുകൾ ഒന്നും ഇല്ലാത്തതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. സാങ്കേതിക തകരാറുമൂലമാണ് ഇന്നലെ നാലാമത്തെ പ്ലാറ്റ് ഫോമിൽ പിടിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചത്. നാലാമത്തെ പ്ലാറ്റ് ഫോം എമർജൻസി പാസേജ് ആണ്. ഗുഡ്സ് ട്രെയിനുകൾക്ക് മെറ്റൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം കണക്കിലെടുത്താണ് പ്ലാറ്റ് ഫോം നിർമ്മിച്ചിരിക്കുന്നത്.

പ്ലാറ്റ് ഫോമിന്റെ പണി പൂർത്തിയാകാത്തതിനാൽ ട്രെയിനിൽ പിറകിലുള്ള ജനറൽ കമ്പാർട്ട് മെന്റിൽ യാത്രചെയ്തിരുന്നവർ ട്രാക്കിൽ ഇറങ്ങേണ്ട സാഹചര്യമാണുണ്ടായത്. നാലാമത്തെ പ്ലാറ്റ് ഫോമിൽ വെളിച്ചത്തിന്റെ അപര്യാപ്തയും ഇഴ ജന്തുക്കളുടെ ഭീഷണിയും ഉണ്ട്. മേൽപ്പാലം നാലാമത്തെ പ്ലാറ്റ് ഫോമിലേയ്ക്ക് ബന്ധിപ്പിക്കാതിരുന്നത് ഏറ്റുമാനൂർ സ്റ്റേഷനോട് റെയിൽവേ കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണെന്നും സ്റ്റേഷൻ വികസനം മുതൽ യാത്രക്കാർ ആരോപിക്കുന്നുണ്ട്.

താത്‌കാലിക സ്റ്റോപ്പ്‌ അനുവദിച്ച സാഹചര്യത്തിൽ ഏറ്റുമാനൂരിൽ നിന്ന് കയറാൻ നൂറുകണക്കിന് ആളുകളാണ് ഇന്നും സ്റ്റേഷനിൽ എത്തിച്ചേർന്നത്. എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനായത് കൊണ്ടാണ് പാലരുവിയ്ക്ക് ഏറ്റുമാനൂരിലെ സ്റ്റോപ്പ്‌ ഇത്രയധികം പ്രാധാന്യം അർഹിക്കുന്നത്.

ഇരട്ട പാത പൂർണ്ണമാകുമ്പോൾ സമയക്രമം പുന:ക്രമീകരിക്കുകയും ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ്‌ യാഥാർഥ്യമാകുമെന്നാണ് തിരുവനന്തപുരം ഡിവിഷനിൽ നിന്നും ലഭിച്ച വിവരം . താത്‌കാലിക സ്റ്റോപ്പിലും ഇവിടുത്തെ യാത്രക്കാരുടെ എണ്ണം സ്ഥിരപ്പെടുത്തണമെന്ന ആവശ്യം വിളിച്ചറിയിക്കുന്നു.

ബഹുമാനപ്പെട്ട കോട്ടയം എം പി തോമസ് ചാഴികാടൻ നിരവധി തവണ പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി യാത്രക്കാർ ഏറ്റുമാനൂർ സ്റ്റോപ്പിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതാണ്. കോട്ടയം സ്റ്റേഷന്റെ വികസനം ചർച്ചയിലും ഏറ്റുമാനൂരിലെ സ്റ്റോപ്പ്‌ വിഷയമാകാറുണ്ട്.

പാസഞ്ചർ സർവീസസ് കമ്മറ്റി അംഗം ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണനും റെയിൽവേ മന്ത്രിയ്ക്ക് സ്റ്റോപ്പിന്റെ ആവശ്യം അറിയിച്ചു നിവേദനം നൽകിയിട്ടുണ്ട്. ഏറ്റുമാനൂർ കൗൺസിലർ ഉഷാ സുരേഷും റെയിൽവേ അമിനിറ്റി ചെയർമാൻ ശ്രീ. കെ കൃഷ്ണദാസ് സമക്ഷം പാലരുവിയ്ക്ക് വേണ്ടി നിവേദനം സമർപ്പിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ സ്റ്റേഷൻ നവീകരണവേളയിൽ പാലരുവിയും വഞ്ചിനാടും ഉൾപ്പെടെ കൂടുതൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ നേടാൻ ശ്രമം നടത്തുമെന്ന് ജോസ് കെ മാണി എം പി അറിയിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ തന്നെ നീളം കൂടിയതും എല്ലാ സൗകര്യങ്ങളോടും കൂടിയ ഐലൻഡ് പ്ലാറ്റ് ഫോം ഏറ്റുമാനൂരിന്റെ പ്രത്യേകതയാണ്. ട്രെയിൻ നിർത്തി എടുക്കുന്നതിനുള്ള സമയനഷ്‌ടം ഒഴിവാക്കുന്ന വിധമാണ് പ്ലാറ്റ് ഫോമിന്റെ പണി ഇവിടെ പൂർത്തീകരിച്ചിരിക്കുന്നത്.

ഒരു നാടിന്റെ മുഴുവൻ ആവശ്യമായി മാറിയിരിക്കുകയാണ് ഇന്ന് പാലരുവി. ഇരട്ടപാത പൂർത്തിയാകുമ്പോൾ അഞ്ചുവർഷത്തെ കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker