തിരുവനന്തപുരം: വിവാദ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ അമ്മയെയാണ് രാഹുൽ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ വന്നതോടെ ചില സംസ്കാരം തുടങ്ങി. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്നും അതിന് പിന്നിലെ കഥകൾ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു.
എത്രയോപേർ പാർട്ടി വിട്ട് പോയിട്ടും ഇത്രയേറെ കോൺഗ്രെസ്സുകാർക്ക് കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. തന്റെ പിതാവിനെയും കോൺഗ്രസുകാർ ചീത്ത പറഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ഒരാളും പാർട്ടി വിട്ട് പോയപ്പോൾ ഇങ്ങനെ ചെയ്തിട്ടില്ല. ഏത് പാർട്ടിക്കും ശക്തനായ നേതാവ് വേണം, എന്നാൽ കോൺഗ്രസിന് അതില്ല.
തനിക്ക് സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി. തന്റെ തോൽവിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെപിസിസിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. തന്നെ തൃശ്ശൂരിൽ നിന്ന് ഓടിക്കണം എന്ന് ചിലർ തീരുമാനിച്ചു. അളമുട്ടിയാൽ ചേരയും കടിക്കും.
കെ മുരളീധരനെതിരെയും പത്മജ രംഗത്തെത്തി. ചേട്ടൻ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. പല പാർട്ടികൾ മാറി മാറി വന്നയാളാണ് ചേട്ടൻ. ചേട്ടന്റെ സ്വഭാവം തനിക്ക് പ്രശ്നമല്ല. കോൺഗ്രസ് നേതാക്കൾ കുറച്ചു കഴിഞ്ഞാൽ ഇങ്ങോട്ട് വന്നോളും. തനിക് സ്വാതന്ത്ര്യം ഉള്ള സ്ഥലമാണ് ബിജെപിയെന്നും പത്മജ പറഞ്ഞു. പത്മജ വർക്ക് ഫ്രം നേതാണെന്ന പരാമർശത്തിലും അവർ പ്രതികരിച്ചു.
തന്റെ അനിയൻ ആണ് മുരളീധരൻ എങ്കിൽ രണ്ട് അടി കൊടുത്തേനെയെന്നായിരുന്നു പ്രതികരണം. തനിക്ക് ഒന്നൊരകൊല്ലമായി ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം അറിയുന്ന ആളാണ് മുരളീധരൻ. എന്നിട്ടാണ് വർക്ക് ഫ്രം ഹോം പ്രയോഗം നടത്തിയത്. ഫേസ്ബുക്കിലെ ഇഡി പരാമർശത്തോടും പത്മജ പ്രതികരിച്ചു. ആരോ തന്റെ ഫേസ്ബുക്കിൽ കയറിയതാണെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.