KeralaNews

തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയില്‍ ആണ് സഭയില്‍ ആരോപണം ഉന്നയിച്ചത്,എംവി ഗോവിന്ദന് കത്തെഴുതി; സതീശനെതിരായ ആരോപണങ്ങളിൽ അൻവറിൻ്റെ വാദങ്ങൾ പൊളിഞ്ഞു

തിരുവനന്തപുരം: പിവി അന്‍വര്‍ പറയുന്നതെല്ലാം പച്ചക്കളളമെന്ന് തെളിയിച്ച് സിപിഎം. പ്രതിപക്ഷ നേതാവിന് എതിരെ സഭയില്‍ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിക്കല്‍ സെക്രട്ടറി പി ശശി എഴുതി തന്നതാണെന്ന പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിലെ വാദം പൊളിച്ച് ആ കത്ത് പുറത്ത്.

പി വി അന്‍വര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തില്‍ കെ റെയില്‍ അട്ടിമറിക്കാന്‍ ബെംഗളൂരു ഐടി കമ്പനികളില്‍ നിന്ന് വി ഡി സതീശന്‍ പണം വാങ്ങിയെന്ന പരാമര്‍ശമുണ്ട്. കത്തിന്റെ പകര്‍പ്പ് സിപിഎം പുറത്തു വിട്ടു. അന്‍വറിന്റെ ആരോപണങ്ങളില്‍ പി ശശി നിയമ നടപടി തുടങ്ങിയിട്ടുണ്ട്. ആ കേസില്‍ ഈ കത്ത് അടക്കം നിര്‍ണ്ണായകമാണ്.

പ്രതിപക്ഷ നേതാവിന് എതിരെ ആരോപണം സഭയില്‍ ഉന്നയിച്ചത് പി ശശി എഴുതി തന്നതാണ് എന്നാണ് അന്‍വര്‍ പറഞ്ഞത്. രാജി പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വിഡി സതീശനോട് മാപ്പ് അപേക്ഷിച്ചത് ഈ കാരണം പറഞ്ഞായിരുന്നു. എന്നാല്‍ 2024 സെപ്റ്റംപര്‍ 13ന് അന്‍വര്‍ എംവി ഗോവിന്ദന് അയച്ച കത്തില്‍ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിലാണെന്ന് പറയുന്നുണ്ട്.

തനിക്കു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ടിപി രാമകൃഷ്ണന്റെയും അനുമതി വാങ്ങി സ്വന്തം നിലയില്‍ ആണ് സഭയില്‍ ആരോപണം ഉന്നയിച്ചത് എന്നാണ് കത്തിലെ പരാമര്‍ശം. കെ റൈയില്‍ ആട്ടിമറിക്കാന്‍ ബെംഗളൂര്‍ ഐടി കമ്പനികളില്‍ നിന്നും പ്രതിപക്ഷ നേതാവ് പണം വാങ്ങി എന്ന ആരോപണം കത്തില്‍ വിശദമായി പറയുന്നു. പിണറായിക്കും കോടിയേരിക്കുമെതിരായ പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാനരഹിത ആരോപണം കാരണമാണ് ഇത് ചെയ്തത് എന്നും അന്‍വറിന്റെ കത്തില്‍ വിശദീകരിക്കുന്നു.

താന്‍ വലിയ പാപ ഭാരങ്ങള്‍ ചുമക്കുന്നയാളെന്നായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍. വി ഡി സതീശന് എതിരായി ആരോപണം ഉന്നയിക്കേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പി.ശശി പറഞ്ഞിട്ടാണ് സതീശന് എതിരെ ആരോപണം ഉന്നയിച്ചതെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നത്. പി ശശി എഴുതി ടൈപ്പ് ചെയ്ത് തന്നതാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിക്കെതിരായ ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തില്‍ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ഉന്നയിക്കാന്‍ തയാറായതെന്നും അര്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഇതിലെ കള്ളം പൊളിക്കുന്നതാണ് പുറത്തു വന്ന കത്തും. ഇതോടെ പി ശശിക്കെതിരെ വിഡി സതീശനുമായി ബന്ധപ്പെട്ടുയര്‍ത്തിയ ആരോപണം വ്യാജമെന്ന് തെളിയുകയാണ് ഇതിലൂടെ.

സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് ആരോപണം ഉന്നയിച്ചത്. ശശിയേട്ടാ ശരിയല്ലേ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. തന്നെ ഒരു സ്ഥലത്ത് കൊണ്ടുപോയി ലോക്ക് ചെയ്യണമെന്ന് ശശി അന്നേ കരുതിയിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പിവി അന്‍വര്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷനേതാവിന് ഉണ്ടായ മാനഹാനിയില്‍ മാപ്പ് ചോദിക്കുന്നതായും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നതായും അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്‍വറിന്റെ ഈ വാദങ്ങള്‍ തകരുകയാണ്. യുഡിഎഫ് പ്രവേശനത്തിന് വേണ്ടിയാണ് സതീശനോട് അന്‍വര്‍ മാപ്പു പറഞ്ഞത്. അതിനായി അവതരിപ്പിച്ചതാണ് ശശിയ്‌ക്കെതിരായ ആരോപണമെന്നും സിപിഎം തെളിയിക്കുകയാണ്. ഇതോടെ യുഡിഎഫിനും അന്‍വറിന്റെ കാര്യത്തില്‍ പല വിധ ചര്‍ച്ചകള്‍ എടുക്കേണ്ടി വരും.

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അന്‍വര്‍ സഞ്ചരിക്കുന്നതെന്നും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവന്‍ പറഞ്ഞിരുന്നു. യുഡിഎഫ് തിരക്കഥയില്‍ അന്‍വര്‍ പറയുന്നതാണ് ഇതൊക്കെ. അതിന്റെ ലക്ഷ്യവും കൃത്യമാണ്.

ഇടതുപക്ഷത്തെ രാഷ്ട്രീയമായി തോല്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫ് ആസൂത്രണം ചെയ്തതാണിത്. അമേരിക്കയില്‍ ഉണ്ടായ തീപിടിത്തം ഇവിടെയായിരുന്നെങ്കില്‍ അത് പിണറായി വിജയന്‍ ചെയ്തതാണെന്ന് പിവി അന്‍വര്‍ പറയുമായിരുന്നു. പിവി അന്‍വര്‍ പറയുന്നതെല്ലാം പതിരാണ്. വാര്‍ത്തകളില്‍ ശ്രദ്ധ നേടാന്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അന്‍വര്‍ സ്വീകരിച്ചത്.

അന്‍വറിന്റെ പ്രതികരണങ്ങള്‍ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അന്‍വറിന്റെ അനുബന്ധ സംസാരക്കാരായ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മാറി. പാരിസ്ഥിതിക ആഘാതങ്ങളെ ആ നിലയില്‍ കാണണമെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

ഇതൊന്നും എല്‍ഡിഎഫിന്റെ ജനങ്ങളുടെ പിന്തുണയേയും അടിത്തറയും ഇല്ലാതാക്കാന്‍ പോന്നതല്ല. പറയുന്നവര്‍ക്ക് പറയാം. ഇതെല്ലാം ഇതുവരെ പറഞ്ഞതിന്റെ ആവര്‍ത്തനമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക രാഷ്ട്രീയ ഘടകങ്ങളാണ്. നിലമ്പൂരില്‍ അന്‍വറിന്റെ മികവുകൊണ്ട് മാത്രം ഇടതുപക്ഷം ജയിച്ചു എന്ന് കരുതണ്ട ഇത് രാഷ്ട്രീയമാണ്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടും. എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി അവിടെ മത്സരിക്കും അയാള്‍ അവിടെ ജയിക്കുകയും ചെയ്യും. യുഡിഎഫ് കൈകാര്യം ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയമാണ്. വടക്കേ ഇന്ത്യയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ചെറിയൊരു രാഷ്ട്രീയ ലാഭത്തിനുവേണ്ടി വളരെ മോശപ്പെട്ട പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് നടത്തുന്നത്.

വര്‍ഗീയതയ്ക്ക് കീഴടങ്ങാന്‍ അല്ലാതെ നട്ടെല്ല് ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കാന്‍ ഒരു കോണ്‍ഗ്രസുകാരനും എങ്കിലും കഴിയുമോ? അന്‍വറിന്റെ മാറ്റം യുഡിഎഫിലേക്ക് പോകാനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേയെന്നും എ വിജയരാഘവന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് കത്തും പുറത്തു വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker