KeralaNews

ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് റിപ്പോർട്ട്;എഡിഎമ്മിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് അൻവർ

ന്യൂഡല്‍ഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പിവി അൻവർ എംഎൽഎ. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ സർവത്ര ദുരൂഹതയുണ്ടെന്നും അൻവർ പറഞ്ഞു. ദില്ലിയിലെത്തിയ അൻവർ വാർത്താസമ്മേളനത്തിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുയർത്തിയത്. 

കയറിൻ്റെ വ്യാസത്തിൽ ദുരൂഹതയുണ്ട്. 0.5 സെൻറി മീറ്റർ ഡയ മീറ്റർ കയർ മൊബൈൽ ചാർജറിനേക്കാൾ ചെറിയ വ്യാസമുള്ളതാണ്. അത് തന്നെ ദുരൂഹമാണ്. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ വ്യാസമുള്ള കയറിൽ തൂങ്ങി മരിക്കുകയെന്നത് അസ്വാഭാവികമാണ്. മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയവാൽവിനും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ നവീൻ ബാബുവിന് അറിയാമായിരുന്നു. ശശിയുടെ സമ്മർദ്ദത്തെ കുറിച്ച് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരും. ശശിയുടെ ഇടപെടൽ കാരണം ജോലി ചെയ്യാൻ നവീൻബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോടാവശ്യപ്പെടുമെന്നും അൻവർ പറഞ്ഞു. 

മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവരുന്നിരുന്നു. ഒക്ടോബർ 15-ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല.

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് സിബിഐ  അന്വേഷണത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതി അറിയിച്ചു. 

കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്. നവീൻ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ച് തേജോവധം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ആ മാനസിക വിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നത്. ഇതൊരു കൊലപാതകം ആണെന്ന് കുടുംബത്തിന്റെ സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യ തന്നെയാണ് എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സംഘവും അറിയിച്ചിരിക്കുന്നത്. 

കൊലപാതകം എന്നതിന്റെ യാതൊരു സൂചനയും എങ്ങുനിന്നും കിട്ടിയിട്ടില്ല. നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ അടക്കമുള്ള പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പി പി യെ രക്ഷിച്ചെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണം അവാസ്തവുമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യ സിപിഎമ്മിൽ യാതൊരു പദവിയും നിലവിൽ വഹിക്കുന്നില്ല. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker